വ്യക്തിഗത ആദായ നികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. ഐടിആർ–1, ഐടിആർ–2 ഫോമുകൾ സമർപ്പിക്കേണ്ടവർക്കുള്ള അവസാന തീയതി ജൂലൈ 31 ആണ്. സമയപരിധി നീട്ടുമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
വൈകിയാൽ എത്ര പിഴ?
നിശ്ചിത സമയത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ വൈകിയുള്ള (Belated Return) റിട്ടേൺ സമർപ്പിക്കാം. എന്നാൽ, ആദായ നികുതി നിയമത്തിലെ സെക്ഷൻ 234F പ്രകാരം ലേറ്റ് ഫീ അടയ്ക്കേണ്ടിവരും.
വാർഷിക വരുമാനം ₹5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ – ₹5,000 പിഴ
വാർഷിക വരുമാനം ₹5 ലക്ഷം വരെയാണെങ്കിൽ – ₹1,000 പിഴ
റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാനുള്ള സമയം
റിട്ടേൺ സമർപ്പിച്ച ശേഷം തിരുത്തലുകൾ ആവശ്യമാണെങ്കിൽ 2027 മാർച്ച് 31 വരെ റിവൈസ്ഡ് റിട്ടേൺ നൽകാം. എന്നാൽ, ഡിസംബർ 31-ന് ശേഷമാണ് തിരുത്തിയ റിട്ടേൺ സമർപ്പിക്കുന്നതെങ്കിൽ, സെക്ഷൻ 234I പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ₹1,000 മുതൽ ₹5,000 വരെ അധിക ലേറ്റ് ഫീ ബാധകമാകും.
ITR-3, ITR-4 സമർപ്പിക്കേണ്ടവർ
നികുതി ഓഡിറ്റ് ആവശ്യമില്ലാത്ത ITR-3, ITR-4 ഫയൽ ചെയ്യുന്നവർക്കുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകുകയോ വരുമാനം കുറച്ച് കാണിക്കുകയോ ചെയ്താൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകി.സെക്ഷൻ 270A പ്രകാരം വരുമാനം തെറ്റായി റിപ്പോർട്ട് ചെയ്താൽ, ബാധകമായ നികുതിയുടെ 50 ശതമാനം മുതൽ 200 ശതമാനം വരെ പിഴ ചുമത്താൻ അധികൃതർക്ക് അധികാരമുണ്ട്.കൂടാതെ, നിയമം ലംഘിച്ച് ₹2 ലക്ഷം അല്ലെങ്കിൽ അതിലധികം തുക പണമായി സ്വീകരിച്ചാൽ, സെക്ഷൻ 269ST, 271DA പ്രകാരം പിഴ നടപടികൾ നേരിടേണ്ടിവരും.
നികുതിദായകർ അവസാന നിമിഷം വരെ കാത്തിരിക്കാതെ, ആവശ്യമായ രേഖകൾ പരിശോധിച്ച് സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കുന്നത് പിഴയും മറ്റ് നിയമപരമായ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുമെന്ന് നികുതി വിദഗ്ധർ നിർദേശിക്കുന്നു.

