ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള ലാപ്ടോപ്, ടാബ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ സഹായകമാകുന്ന ‘ജെൻസി ടെക്’ വായ്പാ പദ്ധതി കേരള ബാങ്ക് അവതരിപ്പിച്ചു. പരമാവധി ₹1 ലക്ഷം വരെ വായ്പ ലഭ്യമാകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 27ന് കൊച്ചിയിൽ നടക്കും.
ഈ വായ്പ ഉപയോഗിച്ച് ലാപ്ടോപ്, ടാബ് തുടങ്ങിയ പഠനോപകരണങ്ങൾ വാങ്ങാനാകും. എന്നാൽ മൊബൈൽ ഫോൺ വാങ്ങുന്നതിന് വായ്പ അനുവദിക്കില്ല. വായ്പയുടെ തിരിച്ചടവ് കാലാവധി 30 മാസവും, പലിശനിരക്ക് 6.99 ശതമാനവുമാണ്.
വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർഥി രക്ഷിതാവിനൊപ്പം സംയുക്ത അപേക്ഷകനായിരിക്കണം. കൂടാതെ, രക്ഷിതാവിന് പുറമെ ഒരു ബന്ധുവിന്റെ ജാമ്യവും നിർബന്ധമാണ്. അപേക്ഷകരുടെ സിബിൽ സ്കോർ അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുക.അതേസമയം, ജെൻസി ടെക് വായ്പയെടുത്ത വിദ്യാർഥികൾ പിന്നീട് കേരള ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പ സ്വീകരിക്കുകയാണെങ്കിൽ, അതിന്റെ പലിശനിരക്കിൽ 0.5 ശതമാനം ഇളവ് ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി. മോഹനനും വൈസ് പ്രസിഡന്റ് ടി.വി. രാജേഷും അറിയിച്ചു.
