നഴ്സിങ്, അലൈഡ് ഹെൽത്ത് ബിരുദ പ്രവേശനം 2026–27: കോഴ്‌സുകളിൽ മാറ്റം; പ്രവേശനരീതിയിൽ മാറ്റമില്ല

സംസ്ഥാനത്തെ സർക്കാർ, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളജുകളിലെ നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രൊഫഷണൽ ബിരുദ കോഴ്‌സുകളുടെ 2026–27 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പുതുക്കി. നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (NCAHP) നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് വിവിധ കോഴ്‌സുകളുടെ പേര്, കാലാവധി, പ്രവേശന യോഗ്യത എന്നിവയിൽ മാറ്റം വരുത്തിയിരിക്കുന്നത്.

അതേസമയം, പ്രവേശന നടപടിക്രമത്തിൽ മാറ്റമില്ല. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുക. പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. അപേക്ഷാ ഫീസ് ജൂലൈ 18 വരെ അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷ ജൂലൈ 20 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, www.lbscentre.kerala.gov.in.

പുതുക്കിയ കോഴ്‌സുകളും കാലാവധിയും

B.Sc Nursing – 4 വർഷം (സർക്കാർ കോളജുകളിൽ ഒരു വർഷത്തെ നിർബന്ധ സേവനം)
BMLS (Bachelor of Medical Laboratory Science) – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
B.Sc Perfusion Technology – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
B.Optom (Bachelor of Optometry) – 4 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BPT (Bachelor of Physiotherapy) – 4 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BASLP (Audiology & Speech Language Pathology) – 3 വർഷം + 10 മാസം ഇന്റേൺഷിപ്പ്
BCVT (Cardiovascular Technology) – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BDTT (Dialysis Therapy Technology) – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BOT (Occupational Therapy) – 4 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BMRIT (Medical Radiology & Imaging Technology) – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BRTT (Radiation Therapy Technology) – 3½ വർഷം + 6 മാസം ഇന്റേൺഷിപ്പ്
B.Sc Neuro Technology – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
B.Sc Nuclear Medicine Technology – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ് / ക്ലിനിക്കൽ പരിശീലനം
B.Sc Medical Biochemistry – 4 വർഷം
BPO (Prosthetics & Orthotics) – 4 വർഷം + 6 മാസം ഇന്റേൺഷിപ്പ്
BEMT (Emergency Medical Technology – Paramedics) – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BRT (Respiratory Technology) – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
BAOTT (Anaesthesia & Operation Theatre Technology) – 3 വർഷം + 1 വർഷം ഇന്റേൺഷിപ്പ്
B.Sc Medical Microbiology – 4 വർഷം

പ്രവേശന യോഗ്യതയിൽ പ്രധാന മാറ്റങ്ങൾ

പ്ലസ് ടുവിൽ ബയോളജിക്ക് പകരം ഗണിതശാസ്ത്രം പഠിച്ച വിദ്യാർഥികൾക്ക് ഇനി BASLP, BPO, B.Optom, BAOTT എന്നീ നാല് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. നേരത്തെ ഈ ഇളവ് BASLP, BPO കോഴ്‌സുകൾക്ക് മാത്രമായിരുന്നു.BPT, BOT ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം മാർക്കും പട്ടികവിഭാഗക്കാർക്ക് പ്ലസ് ടു വിജയവും മതിയാകും. BPT, BOT പ്രവേശനത്തിന് പട്ടികവിഭാഗം, പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 40 ശതമാനം മാർക്ക് മതി.

BMLS, B.Optom, BDTT, BMRIT, BRTT, B.Sc Nuclear Medicine Technology, BEMT, BRT, BAOTT എന്നീ കോഴ്‌സുകളിൽ പ്രവേശനത്തിന് നിർദിഷ്ട ഐച്ഛിക വിഷയങ്ങളോടെ പ്ലസ് ടു വിജയിച്ചാൽ മതിയാകും. ഈ കോഴ്‌സുകൾക്ക് 50 ശതമാനം മാർക്കെന്ന കുറഞ്ഞ യോഗ്യത നിർബന്ധമല്ല. മറ്റ് കോഴ്‌സുകൾക്ക് നിലവിലെ 50 ശതമാനം മാർക്ക് വ്യവസ്ഥ തുടരും.