ആഗോള എണ്ണവിപണിയിൽ വിലക്കുറവിന്റെ സൂചനകൾ ശക്തമാകുന്നു. അടുത്ത മാസം മുതൽ ക്രൂഡോയിൽ ബാരലിന് 11 ഡോളർ വരെ വില കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനം അന്താരാഷ്ട്ര ഇന്ധന വിപണിയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതോടെ സൗദിയിൽ നിന്നുള്ള ക്രൂഡോയിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
മധ്യപൂർവ മേഖലയിലെ ബെഞ്ച്മാർക്ക് വിലയെക്കാൾ 1.50 ഡോളർ കുറവിനാണ് സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയുടെ തീരുമാനത്തിന് പിന്നാലെ യുഎഇ, കുവൈത്ത് തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളും എണ്ണവില കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.അതേസമയം, ഒപെക് അംഗത്വം അവസാനിപ്പിച്ച യുഎഇ എണ്ണ-വാതക കയറ്റുമതിയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. ജൂൺ മാസത്തിൽ പ്രതിദിനം 37 ലക്ഷം ബാരൽ എണ്ണയാണ് രാജ്യം കയറ്റുമതി ചെയ്തത്. 2020 ഏപ്രിലിൽ രേഖപ്പെടുത്തിയിരുന്ന 34.4 ലക്ഷം ബാരൽ എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഉൽപാദനം കൂടുതൽ വർധിപ്പിക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള ഇന്ധന ശേഖരം സ്പോട്ട് വിപണിയിലൂടെ വിൽക്കാനാണ് കുവൈത്തിന്റെ തീരുമാനം. ഇറാൻ–അമേരിക്ക സമാധാന ധാരണയ്ക്കുശേഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കയറ്റുമതി ഗൾഫ് രാജ്യങ്ങൾ വേഗത്തിൽ പുനഃസ്ഥാപിച്ചുവരികയുമാണ്.വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില തുടർച്ചയായി രണ്ടാഴ്ചയെങ്കിലും താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ, ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കും പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള സമ്മർദം വർധിക്കും. ഇതോടെ രാജ്യത്തെ ഉപഭോക്താക്കൾക്കും ഇന്ധനവിലയിൽ ആശ്വാസം ലഭിച്ചേക്കുമെന്ന പ്രതീക്ഷ ശക്തമാണ്.
