നിസാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ പ്രീമിയം സി-എസ്യുവിയായ ‘നിസാൻ ടെക്ടൺ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിസാന്റെ ഐതിഹാസിക മോഡലായ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്ടൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബോൾഡ് ഡിസൈനും മികച്ച എയറോഡൈനാമിക്സും സമന്വയിപ്പിക്കുന്ന ഈ വാഹനം പ്രീമിയം എസ്യുവി വിഭാഗത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
100 ശതമാനം ടർബോചാർജ്ഡ് എൻജിനുകളോടെയാണ് ടെക്ടൺ എത്തുന്നത്. ദൈനംദിന യാത്രകൾക്ക് അനുയോജ്യമായ 19.4 കിലോമീറ്റർ മൈലേജ് നൽകുന്ന ടർബോ T160 എൻജിനും, മികച്ച കരുത്തും ഡ്രൈവിംഗ് അനുഭവവും ഉറപ്പാക്കുന്ന 18.5 കിലോമീറ്റർ മൈലേജ് നൽകുന്ന ടർബോ T280 എൻജിനും വാഹനത്തിൽ ലഭ്യമാണ്. ഡ്രൈവർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ഡ്യുവൽ ഡ്രൈവ് മോഡുകളും ആംബിയന്റ് മൂഡ് ലൈറ്റിംഗും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.സുരക്ഷയ്ക്ക് മുൻതൂക്കം നൽകി എല്ലാ വേരിയന്റുകളിലും 6 എയർബാഗുകളുള്ള ഷീൽഡ് സിസ്റ്റം സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 62 ശതമാനം ഹൈ-സ്ട്രെങ്ത് സ്റ്റീലും അൾട്രാ ഹൈ-സ്ട്രെങ്ത് സ്റ്റീലും ഉപയോഗിച്ച് നിർമ്മിച്ച മോണോകോക്ക് ബോഡി ഷെല്ലും എ, ബി പില്ലറുകളും വാഹനത്തിന് കൂടുതൽ കരുത്തും സുരക്ഷയും നൽകുന്നു.
17-ലധികം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, ഗൂഗിൾ മാപ്സ്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടുന്ന Google Built-in സാങ്കേതികവിദ്യ, 700 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയും ടെക്ടണിന്റെ പ്രധാന ആകർഷണങ്ങളാണ്.നിസാന്റെ തിരിച്ചുവരവിന്റെ പ്രധാന നാഴികക്കല്ലാണ് ടെക്ടൺ എന്നും ആഡംബരവും സാങ്കേതികവിദ്യയും കരുത്തും സമന്വയിപ്പിച്ച ഈ വാഹനം ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.
ചെന്നൈയിലെ നിസാൻ പ്ലാന്റിൽ നിർമ്മിക്കുന്ന ടെക്ടൺ ആഭ്യന്തര വിപണിക്കൊപ്പം വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. 10.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില. നിസാൻ ഷോറൂമുകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
