കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികളുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (AISHE) 2023–24 റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ പങ്കാളിത്തം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്.
സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) മേഖലകളിലും പെൺവിദ്യാർഥികളുടെ സാന്നിധ്യം ശ്രദ്ധേയമായി വർധിച്ചിട്ടുണ്ട്. രാജ്യത്ത് ഈ വിഭാഗങ്ങളിലെ കോഴ്സുകളിൽ പ്രവേശനം നേടിയ 1.02 കോടി വിദ്യാർഥികളിൽ 44 ശതമാനവും പെൺകുട്ടികളാണ്. 2014–15 അധ്യയന വർഷത്തിൽ ഇത് 38.4 ശതമാനമായിരുന്നു.അതേസമയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 2022–23ൽ സർവേയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം 56,180 ആയിരുന്നെങ്കിൽ, 2023–24ൽ അത് 59,533 ആയി ഉയർന്നു.
കേരളത്തിൽ ആകെ 2,090 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളതിൽ 1,918 സ്ഥാപനങ്ങൾ (92 ശതമാനം) എഐഎസ്എച്ച്ഇ സർവേയുടെ ഭാഗമായിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശക്തമായ പങ്കാളിത്തവും വിദ്യാർഥിനികളുടെ വർധിച്ച സാന്നിധ്യവും റിപ്പോർട്ട് എടുത്തുകാട്ടുന്നു.
