വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങ് സംഭവങ്ങൾ തടയുന്നതിനായി പ്രത്യേക പദ്ധതിയുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ‘സിദ്ധാർത്ഥ് ആന്റി-റാഗിങ്ങ് പദ്ധതി’ പ്രഖ്യാപിച്ചത്.
പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടർന്ന് ജീവൻ നഷ്ടമായ സിദ്ധാർത്ഥിന്റെ സ്മരണാർത്ഥമാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് പൂർണമായും തടയുക, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുക, പരാതികൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.റാഗിങ്ങ് വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതിയിലൂടെ നടപടി സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

