എൻആർഐ നിക്ഷേപത്തിൽ വൻ ഇടിവ്; രൂപ 100 കടന്നാൽ പ്രവാസികൾക്ക് നേട്ടവും വെല്ലുവിളിയും

രാജ്യത്തെ ബാങ്കുകളിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ 2026 മേയ് ബുള്ളറ്റിൻ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷമായ 2025-26ൽ നോൺ-റസിഡന്റ് ഇന്ത്യൻ (NRI) നിക്ഷേപമായി രാജ്യത്തേക്ക് എത്തിയത് 1,441 കോടി ഡോളറാണ്. മുൻ സാമ്പത്തിക വർഷമായ 2024-25ൽ ഇത് 1,616 കോടി ഡോളറായിരുന്നു. ഇതോടെ പുതിയ എൻആർഐ നിക്ഷേപ പ്രവാഹത്തിൽ ശ്രദ്ധേയമായ ഇടിവാണ് രേഖപ്പെടുത്തിയത്.അതേസമയം, രാജ്യത്തെ ബാങ്കുകളിലെ മൊത്തം എൻആർഐ നിക്ഷേപത്തിന്റെ മൂല്യം ചെറിയ തോതിൽ വർധിച്ചു. 2024-25ലെ 16,468 കോടി ഡോളറിൽ നിന്ന് 2025-26ൽ 16,565 കോടി ഡോളറായാണ് ഇത് ഉയർന്നത്.

എഫ്സിഎൻആർ നിക്ഷേപത്തിൽ കുത്തനെ ഇടിവ്

വിദേശ കറൻസിയിൽ നിക്ഷേപം അനുവദിക്കുന്ന ഫോറിൻ കറൻസി നോൺ-റെസിഡന്റ് (ബാങ്ക്) [FCNR(B)] അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം വലിയ തോതിൽ കുറഞ്ഞു. 2024-25ൽ 708 കോടി ഡോളർ എത്തിയിരുന്ന ഈ വിഭാഗത്തിൽ 2025-26ൽ എത്തിയത് വെറും 94.6 കോടി ഡോളർ മാത്രമാണ്.

മറുവശത്ത്, നോൺ-റെസിഡന്റ് എക്സ്റ്റേണൽ (NRE) രൂപ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം ശക്തമായ വളർച്ച കാട്ടി. മുൻവർഷത്തെ 471 കോടി ഡോളറിൽ നിന്ന് 794 കോടി ഡോളറായാണ് നിക്ഷേപം ഉയർന്നത്. രൂപയിൽ അധിഷ്ഠിതമായ നിക്ഷേപങ്ങൾക്ക് പ്രവാസികൾ കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന സൂചനയാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

രൂപ 100 കടക്കുമോ?

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം അടുത്ത കാലയളവിൽ ഒരു ഡോളറിന് 100 രൂപ എന്ന മാനസികപരിധി കടക്കുമെന്ന വിലയിരുത്തൽ വിപണികളിൽ ശക്തമാണ്. രൂപയുടെ മൂല്യം കുറയുമ്പോൾ ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ കറൻസികളുടെ വാങ്ങൽശേഷി രൂപയുടെ അടിസ്ഥാനത്തിൽ വർധിക്കും.

പ്രവാസികൾക്ക് നേട്ടം എന്ത്?

രൂപയുടെ മൂല്യം താഴുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നോ മറ്റ് ഡോളർ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളിൽ നിന്നോ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് കൂടുതൽ രൂപ ലഭിക്കും. ഉദാഹരണത്തിന്, ഒരു ഡോളറിന് 100 രൂപ ലഭിക്കുന്ന സാഹചര്യത്തിൽ 1,000 ഡോളർ അയച്ചാൽ 1 ലക്ഷം രൂപ ലഭിക്കും. ഇത് കുടുംബച്ചെലവുകൾ, വായ്പ തിരിച്ചടവ്, ഭൂമി-വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് കൂടുതൽ ഗുണകരമാകും.

വെല്ലുവിളികളും കുറവല്ല

എന്നാൽ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് മറുവശവും ഉണ്ട്. ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരുകയും അതുവഴി ഇന്ധനം, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണം തുടങ്ങി പല ഉൽപ്പന്നങ്ങളുടെയും വില വർധിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും വിദേശ യാത്രകൾക്കും ചെലവ് കൂടും. അതിനാൽ രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്ക് കൂടുതൽ രൂപ ലഭിക്കാനുള്ള അവസരം സൃഷ്ടിക്കുമ്പോഴും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ചില സമ്മർദങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.