ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. കൂടുതൽ വ്യക്തിഗത ക്രമീകരണങ്ങളും പ്രത്യേക ഫീച്ചറുകളും നൽകുന്ന ഈ സേവനം നിലവിൽ ചില ഐഒഎസ് ഉപയോക്താക്കൾക്കാണ് ലഭ്യമാകുന്നത്. അതേസമയം, സാധാരണ മെസേജിംഗ്, വോയിസ് കോൾ, വീഡിയോ കോൾ സേവനങ്ങൾ പഴയപോലെ സൗജന്യമായി തുടരുമെന്ന് കമ്പനി വ്യക്തമാക്കുന്നു.ഐഒഎസ് പതിപ്പ് 26.17.74 ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്ന് വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിന്റെ ‘സെറ്റിംഗ്സ്’ വിഭാഗത്തിൽ പ്രവേശിച്ച് സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാണോ എന്ന് പരിശോധിക്കാം. നിലവിൽ വാട്‌സ്ആപ്പ് മെസഞ്ചറിനായി മാത്രമാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് ഈ സേവനം ലഭ്യമല്ല.
പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ സംവിധാനം
പ്രതിമാസ അടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പ്ലസ് പ്രവർത്തിക്കുക. ഉപയോക്താവ് സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കാത്ത പക്ഷം ഇത് സ്വമേധയാ പുതുക്കപ്പെടും. സേവനം അവസാനിപ്പിക്കേണ്ടവർ അടുത്ത ബില്ലിംഗ് തീയതിക്ക് 24 മണിക്കൂർ മുമ്പ് സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കണം. ആപ്പ് സ്റ്റോർ വഴിയാണ് സബ്‌സ്‌ക്രിപ്ഷൻ നിയന്ത്രിക്കാനും അവസാനിപ്പിക്കാനും സാധിക്കുക.ചില ഉപയോക്താക്കൾക്ക് ഒരു ആഴ്ചയോ ഒരു മാസമോ സൗജന്യ ട്രയൽ ലഭിക്കാനും സാധ്യതയുണ്ട്. യൂറോപ്പിലെ ചില രാജ്യങ്ങളിൽ വാട്‌സ്ആപ്പ് പ്ലസിന്റെ പ്രതിമാസ നിരക്ക് 2.49 യൂറോ, അതായത് ഏകദേശം 274 രൂപയായാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യങ്ങൾക്കനുസരിച്ച് നിരക്കിൽ വ്യത്യാസം ഉണ്ടാകാം.
ആറ് പ്രധാന പ്രീമിയം സവിശേഷതകൾ
വാട്‌സ്ആപ്പ് പ്ലസിലൂടെ ഉപയോക്താക്കൾക്ക് ആറ് പ്രധാന പ്രീമിയം ഫീച്ചറുകളാണ് ലഭിക്കുക. പ്രത്യേക ആനിമേറ്റഡ് സ്റ്റിക്കർ പാക്കുകൾ, 18 വ്യത്യസ്ത ആക്‌സെന്റ് നിറങ്ങൾ, 14 പുതിയ ആപ്പ് ഐക്കണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.വൈബ്രന്റ് ബ്ലൂ, റോയൽ പർപ്പിൾ, ഫോറസ്റ്റ് ഗ്രീൻ, ബർഗണ്ടി, ഗോൾഡൻ യെല്ലോ തുടങ്ങിയ നിറങ്ങൾ ഉപയോഗിച്ച് ആപ്പിന്റെ രൂപഭംഗി ഇഷ്ടാനുസരണം മാറ്റാൻ കഴിയും. സാധാരണ മൂന്ന് ചാറ്റുകൾക്ക് പകരം 20 ചാറ്റുകൾ വരെ പിൻ ചെയ്യാനുള്ള സൗകര്യവും ലഭിക്കും.
പ്രത്യേക ചാറ്റ് ലിസ്റ്റുകൾക്ക് വ്യത്യസ്ത തീമുകൾ, നോട്ടിഫിക്കേഷൻ ടോണുകൾ, റിങ്‌ടോണുകൾ എന്നിവ ക്രമീകരിക്കാനും സാധിക്കും. ഫ്ലട്ടർ, ടെമ്പോ, റിപ്പിൾ, ക്വസ്റ്റ്, ഡ്രം, മർമർ, ഫ്ലക്സ്, മെഡോ, ബബിൾ, കാർണിവൽ എന്നിവ ഉൾപ്പെടെ 10 പ്രത്യേക റിങ്‌ടോൺ ഓപ്ഷനുകളും സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിലെ അപ്ഡേറ്റുകളിലൂടെ കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി. അതേസമയം, സബ്‌സ്‌ക്രൈബ് ചെയ്യാത്ത ഉപയോക്താക്കൾക്കും നിലവിലെ സൗജന്യ സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
