കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡ് (സി.എസ്.എൽ) അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഓഷ്യൻ സ്പാർക്കിൾ കമ്പനിക്കായി അത്യാധുനിക ടഗുകൾ നിർമിക്കുന്നതിനുള്ള വമ്പൻ കരാർ സ്വന്തമാക്കി. ഏകദേശം 100 മുതൽ 250 കോടി രൂപ വരെയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. കൊച്ചിൻ ഷിപ്‍യാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡാണ് ടഗുകളുടെ നിർമാണ ചുമതല നിർവഹിക്കുന്നത്.70 ടൺ ബൊള്ളാർഡ് പുൾ ശേഷിയുള്ള നാല് അത്യാധുനിക ടഗുകൾക്കാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അംഗീകരിച്ച ഡിസൈൻ അനുസരിച്ചായിരിക്കും നിർമാണം നടക്കുകെന്ന് കമ്പനി അറിയിച്ചു. 2028 നവംബർ മുതൽ ടഗുകളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ജൂണോടെ പദ്ധതി പൂർണമായും പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിരോധ-കപ്പൽ നിർമാണ രംഗത്ത് ശക്തമായ മുന്നേറ്റം
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ നാവികസേനയ്ക്കായി സർവേ വെസലുകൾ നിർമിക്കുന്നതിന് ഏകദേശം 5,000 കോടി രൂപയുടെ കരാറും കൊച്ചിൻ ഷിപ്‍യാർഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ പ്രതിരോധ-കപ്പൽ നിർമാണ മേഖലയിലെ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്.
ഗുജറാത്തിൽ വമ്പൻ കപ്പൽ അറ്റകുറ്റപ്പണിശാല
ഗുജറാത്തിലെ വാഡിനാറിൽ അത്യാധുനിക സൗകര്യങ്ങളുള്ള കപ്പൽ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാനുള്ള പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അടുത്തിടെ അനുമതി നൽകിയിരുന്നു. ഏകദേശം 1,570 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.കാണ്ട്‌ലയിലെ ദീൻദയാൽ പോർട്ട് അതോറിറ്റിയും കൊച്ചിൻ ഷിപ്‍യാർഡും ചേർന്നുള്ള സംയുക്ത സംരംഭമായിരിക്കും പദ്ധതി നടപ്പാക്കുക. 650 മീറ്റർ ദൈർഘ്യമുള്ള ജെട്ടി, രണ്ട് വലിയ ഫ്ലോട്ടിങ് ഡ്രൈ ഡോക്കുകൾ, വർക്‌ഷോപ്പുകൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വമ്പൻ കപ്പൽ റിപ്പയർ യാർഡാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാഡിനാറിന്റെ തന്ത്രപ്രധാന സവിശേഷത
പ്രധാന സമുദ്രപാതകൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നതും സ്വാഭാവികമായി മികച്ച ആഴമുള്ള കപ്പൽച്ചാൽ ലഭ്യമാണെന്നതുമാണ് വാഡിനാറിന്റെ പ്രധാന സവിശേഷത. മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങളുമായുള്ള സമീപ്യതയും പദ്ധതിക്ക് വലിയ ഗുണമായി മാറും.230 മീറ്ററിലധികം നീളമുള്ള വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും പുതിയ പദ്ധതി സഹായകരമാകും. 300 മീറ്റർ വരെ നീളമുള്ള കപ്പലുകൾക്കും ഇവിടെ റിപ്പയർ സൗകര്യം ലഭ്യമാകുന്നതിനാൽ വിദേശ കപ്പലുകളെയും ആകർഷിക്കാൻ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
