പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മുന്നോട്ടുവച്ച നിർദേശങ്ങൾ രാജ്യത്ത് പുതിയ ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വർണവാങ്ങൽ നിയന്ത്രിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
സ്വർണവാങ്ങലിൽ നിയന്ത്രണം വരുമോ?
അടുത്ത ഒരുവർഷത്തേക്ക് അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. നിലവിൽ സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 6 ശതമാനമാണ്. എന്നാൽ വിദേശനാണയശേഖരം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഈ തീരുവ ഉയർത്താൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാകുകയാണ്.തീരുവ ഉയർന്നാൽ രാജ്യത്തെ സ്വർണവിലയും അനുപാതികമായി വർധിക്കും. ഇതോടെ സ്വർണത്തിനുള്ള ആവശ്യകത കുറയുകയും ഇറക്കുമതി താഴ്ന്നേക്കുകയും ചെയ്യും. എന്നാൽ ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിൽ നിന്നോ കേന്ദ്രസർക്കാരിൽ നിന്നോ ഔദ്യോഗിക സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്ധനവില വർധനയുടെ സൂചനയോ?
ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും, ഇലക്ട്രിക് വാഹനങ്ങളും മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളും കൂടുതൽ ഉപയോഗിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പെട്രോൾ-ഡീസൽ വില വർധനയ്ക്ക് മുന്നോടിയായേക്കാമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും ഇന്ത്യയിൽ ഇന്ധനവിലയിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടെ എണ്ണക്കമ്പനികൾക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിനിടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപവരെ വർധിപ്പിക്കാമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അത്തരമൊരു സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ വന്നിരിക്കുന്നത് എന്നത് പൊതുജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.
നിയന്ത്രിത ഉപഭോഗത്തിന് ആഹ്വാനം
സ്വർണം, ഇന്ധനം, ഭക്ഷ്യഎണ്ണ, വളം തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ആശയമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ പ്രധാന പങ്ക് വഹിക്കുന്നവയാണിവ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും വിദേശനാണയ ശേഖരവും സംരക്ഷിക്കാനാണ് ഈ നിർദേശങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.
