കൊച്ചി തുറമുഖത്ത് വൻ ദുരൂഹത; അര കിലോമീറ്ററോളം റെയിൽപാളം കാണാതായി

കൊച്ചി വില്ലിങ്ഡൺ ഐലൻഡിലെ അതീവ സുരക്ഷാ മേഖലയായ തുറമുഖ പ്രദേശത്ത് നിന്ന് അര കിലോമീറ്ററോളം റെയിൽപാളം കാണാതായ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്രാക്കിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി കടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

വല്ലാർപാടം ടെർമിനൽ നിലവിൽ വന്നതിനെ തുടർന്ന് ചരക്കുനീക്കം അവസാനിച്ച ഈ പാത വർഷങ്ങളായി ഉപയോഗിക്കാതെ കാടുമൂടിയ നിലയിലായിരുന്നു. എന്നാൽ, കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്എഫ്) ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വൻമൂല്യമുള്ള ഉരുക്കുപാളങ്ങൾ കടത്തിക്കൊണ്ടുപോയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന വിമർശനം ഉയരുന്നു.സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളൂരിലെ എച്ച്എൻഎല്ലിലേക്ക് കൽക്കരി എത്തിച്ചിരുന്നത് മുമ്പ് ഈ പാത വഴിയായിരുന്നു. തുറമുഖ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ റെയിൽപാതയുടെ പരിപാലന ചുമതലയും അവർക്കായിരുന്നു.

റെയിൽവേ ലൈൻ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് ഗേറ്റ് നിലനിൽക്കുന്നുണ്ടെങ്കിലും, പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനകത്ത് ചിതറിക്കിടക്കുന്നതായി കണ്ടെത്തി. ക്യു-9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കുപാളങ്ങളാണ് കാണാതായിരിക്കുന്നത്.പുറത്തുനിന്നുള്ള ആളുകൾക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കാത്ത അതീവ സുരക്ഷാ മേഖലയിലാണ് സംഭവം നടന്നിരിക്കുന്നതെന്നതിനാൽ, ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന സംശയവും ശക്തമാണ്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.