Amazon ‘Now’ സേവനം 100 നഗരങ്ങളിലേക്ക്; കേരളത്തിലും 10 മിനിറ്റ് ഡെലിവറി എത്തും

രാജ്യത്ത് അതിവേഗം വളരുന്ന ക്വിക്ക്-കൊമേഴ്‌സ് മേഖലയിലെ മത്സരം കൂടുതൽ കടുക്കുന്നതിനിടെ, ആഗോള ഇ-കൊമേഴ്‌സ് രംഗത്തെ മുൻനിര കമ്പനിയായ Amazon തന്റെ 10 മിനിറ്റ് ഡെലിവറി സേവനമായ ‘ആമസോൺ നൗ’ വൻതോതിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഏതാനും നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഈ സേവനം ഉടൻ തന്നെ രാജ്യത്തെ 100 നഗരങ്ങളിലേക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു. കേരളവും ഈ പട്ടികയിൽ ഉൾപ്പെടും.

ഓരോ പ്രദേശത്തും പ്രത്യേകം സജ്ജീകരിക്കുന്ന ചെറുകിട വിതരണ കേന്ദ്രങ്ങൾ വഴിയാണ് ‘ആമസോൺ നൗ’ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ സമീപത്ത് തന്നെ ഒരുക്കുന്ന ഈ കേന്ദ്രങ്ങൾ ഓർഡർ നൽകിയതിന് പിന്നാലെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിക്കാൻ സഹായിക്കുന്നു. ഭക്ഷ്യവസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ചെറിയ ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളിലെ സാധനങ്ങൾ ഈ സേവനത്തിലൂടെ ലഭ്യമാകും.വിപുലീകരണ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം ഏകദേശം 1,000 ചെറുകിട വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഇതിലൂടെ 16,000-ത്തിലധികം കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ അവസരം ലഭിക്കും. പ്ലാറ്റ്‌ഫോമിലെ വിൽപ്പനക്കാരുടെ പിന്തുണയോടെ കർഷകർക്ക് വിപണി വികസിപ്പിക്കാനും ഇത് സഹായകരമാകും.

പുതിയ ഘട്ടത്തിൽ Kochi ഉൾപ്പെടെ പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്‌പൂർ, ലക്‌നൗ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും സേവനം വ്യാപിക്കും. ഈ നഗരങ്ങളിലെ ഉപഭോക്താക്കൾ ആമസോൺ ആപ്പിൽ ‘നൗ’ ചിഹ്നം പരിശോധിച്ച് സേവനം അവരുടെ പ്രദേശത്ത് ലഭ്യമാണോ എന്ന് മനസിലാക്കാം. നിലവിൽ മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളിൽ സേവനം വിജയകരമായി തുടരുന്നു.

2,800 കോടിയിലധികം നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം നടപ്പാക്കുന്നത്. പ്രവർത്തന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷ, ആരോഗ്യം, സാമ്പത്തിക ക്ഷേമം എന്നിവ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വർഷം മുംബൈയിലും ബെംഗളൂരുവിലുമായിരുന്നു ഈ സേവനം ആരംഭിച്ചത്. പുതിയ നീക്കത്തോടെ Zepto, Swiggy Instamart, Blinkit, Flipkart Minutes, BB Now തുടങ്ങിയ പ്രമുഖരുമായി നേരിട്ടുള്ള മത്സരത്തിൽ ആമസോൺ കൂടുതൽ ശക്തമായി രംഗത്തെത്തുകയാണ്.