‘അപ്‌ഡേറ്റ്’ സന്ദേശങ്ങളിൽ ജാഗ്രത; വിവോ, ഐക്യു ഫോണുകളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് വ്യാപകം

‘അർജന്റ് സിസ്റ്റം അപ്‌ഡേറ്റ്’ എന്ന പേരിൽ നിങ്ങളുടെ ഫോണിലേക്കും സന്ദേശങ്ങൾ എത്തുന്നുണ്ടോ? വിവോ (Vivo), ഐക്യു (iQOO) സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തരത്തിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ‘OriginOS Update’ എന്ന വ്യാജേന വരുന്ന സന്ദേശങ്ങളിലൂടെ ഉപയോക്താക്കളെ വലയിലാക്കുകയാണ് തട്ടിപ്പുകാർ.

ഫോൺ ഉപയോഗിക്കുന്നതിനിടെ ‘Urgent System Update Required’ എന്ന തരത്തിലുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഔദ്യോഗിക അപ്‌ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ APK ഫയലുകൾ ഡൗൺലോഡ് ചെയ്യും. ഈ ഫയലുകൾ ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോൺ, എസ്‌എം‌എസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ ചോർത്തുകയും ചെയ്യും. ഇതുവഴി ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണവും അപഹരിക്കപ്പെടാൻ സാധ്യതയുണ്ട്.

അധികൃതമായ അപ്‌ഡേറ്റുകൾ എല്ലായ്പ്പോഴും ഫോണിലെ Settings → System Update വഴിയാണ് ലഭിക്കുക. ബ്രൗസറുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ വരുന്ന ലിങ്കുകൾ വഴി അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കരുത്. ‘ഫോൺ ബ്ലോക്ക് ചെയ്യും’ എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ കണ്ടാൽ അവ പൂർണ്ണമായും അവഗണിക്കുക.
സുരക്ഷയ്ക്കായി ‘Install from Unknown Sources’ ഓപ്ഷൻ ഓഫ് നിലയിൽ സൂക്ഷിക്കുക. വിശ്വസനീയമായ ആന്റിവൈറസ് ആപ്പുകൾ മാത്രം ഉപയോഗിക്കുക. അബദ്ധത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് ഫോൺ സ്കാൻ ചെയ്യുക, സംശയാസ്പദമായ ആപ്പുകൾ നീക്കം ചെയ്യുക. തുടർന്ന് ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ സുരക്ഷിതമായ മറ്റൊരു ഉപകരണത്തിൽ നിന്ന് മാറ്റുന്നത് അനിവാര്യമാണ്.
സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ വൈകാതെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് അധികൃതർ നിർദേശിക്കുന്നു.