ലോൺ ആപ്പ് പരസ്യത്തിൽ അജു വർഗീസിന്റെ ചിത്രം; വ്യാജ പ്രചാരണത്തിനെതിരെ കർശന മുന്നറിയിപ്പ്

തന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ് രംഗത്ത്. ഒരു പ്രമുഖ ബാങ്കിങ് സ്ഥാപനത്തിന്റെ പേരിൽ പ്രവർത്തിക്കുന്നതായി തോന്നിപ്പിക്കുന്ന ഗ്രൂപ്പാണ് നടന്റെ ചിത്രവും പേരും ഉപയോഗിച്ച് പരസ്യം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സ്ഥാപനവുമായോ അവരുടെ ഏതെങ്കിലും പദ്ധതികളുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അജു വർഗീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
“അംഗീകാരമില്ലാത്ത ഒരു ബാങ്കിങ് സ്ഥാപനം എന്റെ അനുവാദമില്ലാതെ എന്റെ പേരും ചിത്രവും ഉപയോഗിച്ച് പരസ്യങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്. നിങ്ങളുടെ കഠിനാധ്വാനത്തിൽ സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുത്,” എന്ന് അജു വർഗീസ് കുറിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ നിക്ഷേപ പദ്ധതികളും ലോൺ ആപ്പ് തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. സെലിബ്രിറ്റികളുടെ വിശ്വാസ്യത ദുരുപയോഗം ചെയ്ത് സാധാരണക്കാരെ കബളിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.