ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മോദി; എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി എം.എ. യൂസഫലി അറിയിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് യൂസഫലിയുടെ പ്രതികരണം.

ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ ലുലു ഗ്രൂപ്പ് നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങളിലൂടെയും കപ്പൽ സർവീസുകളിലൂടെയും ദിവസേന ജിസിസി രാജ്യങ്ങളിലേക്ക് ലുലു ഗ്രൂപ്പ് ഭക്ഷ്യവസ്തുക്കൾ അയയ്ക്കുന്നതായും യൂസഫലി വ്യക്തമാക്കി.
ഇതിനകം 30ലേറെ ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് ലുലു ഗ്രൂഫ് ഗൾഫ് പ്രദേശങ്ങളിലെത്തിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ തടസ്സമില്ലാതെ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതോടെ മാത്രമല്ല, ഇന്ത്യയിലെ കർഷകർക്കും ഈ പ്രവർത്തനം വലിയ സഹായമാണ് എന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.