സംസ്ഥാന സർക്കാരിന്റെ ആയുർവേദ ഔഷധ നിർമാണ-വിതരണ സ്ഥാപനമായ ഔഷധി തുള്ളിമരുന്ന് നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിനായി സജ്ജമാക്കിയ ‘അർക്ക പ്ലാന്റ്’ അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന് ഔഷധി മാനേജിങ് ഡയറക്ടർ ഡോ. ടി.കെ. ഹൃതീക് അറിയിച്ചു.ആയുർവേദ ഗ്രന്ഥമായ ‘അർക്ക പ്രകാശം’ അടിസ്ഥാനമാക്കി കണ്ണ്, മൂക്ക്, ചെവി എന്നിവയിലെ അസ്വസ്ഥതകൾക്ക് ഉപയോഗിക്കാവുന്ന തുള്ളിമരുന്നുകളാണ് പുതിയ പ്ലാന്റിൽ നിർമ്മിക്കുക. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും ആദ്യഘട്ടത്തിൽ പരിമിത തോതിലായിരിക്കും ഉൽപാദനമെന്നും അദ്ദേഹം വ്യക്തമാക്കി.
തുള്ളിമരുന്നുകളുടെ കാലാവധി താരതമ്യേന കുറവായതിനാലാണ് ചെറിയ തോതിൽ ഉൽപാദനം ആരംഭിക്കുന്നത്. ആവശ്യകത വർധിക്കുന്നതനുസരിച്ച് പ്ലാന്റിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ആധുനികവൽക്കരണത്തിൽ വലിയ മുന്നേറ്റം
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയുർവേദ ഔഷധ നിർമാണ രംഗത്ത് വിപുലമായ ആധുനികവൽക്കരണമാണ് ഔഷധി നടപ്പാക്കിയത്. അസംസ്കൃത വസ്തുക്കളുടെയും മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ICP-MS, HPTLC പരിശോധനാ സംവിധാനങ്ങൾ, അത്യാധുനിക രസ പ്ലാന്റ്, ഓട്ടോമേറ്റഡ് പാൻ സംവിധാനങ്ങൾ, എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ഏകദേശം 450 ഔഷധസസ്യങ്ങളുള്ള ഔഷധത്തോട്ടവും സ്ഥാപനത്തിന്റെ ഭാഗമാണ്. പ്രതിവർഷം 22 ലക്ഷം ലിറ്റർ അരിഷ്ടം ഉൽപാദിപ്പിക്കുന്ന ഔഷധിയിൽ പ്രതിദിനം മൂന്ന് ലക്ഷം ഗുളികകളും നിർമ്മിക്കുന്നുണ്ട്. കഷായം, തൈലം, കുഴമ്പ്, ലേഹ്യം എന്നിവ ഉൾപ്പെടെയുള്ള മറ്റ് ആയുർവേദ മരുന്നുകളുടെ പ്രതിമാസ ഉൽപാദന മൂല്യം 17 കോടി രൂപ വരെയാണെന്നും അധികൃതർ വ്യക്തമാക്കി.
222 കോടിയുടെ സർവകാല റെക്കോർഡ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 222 കോടി രൂപയുടെ വിറ്റുവരവ് നേടി ഔഷധി സർവകാല റെക്കോർഡ് സ്വന്തമാക്കിയതായി ഡോ. ടി.കെ. ഹൃതീക് അറിയിച്ചു. 2021-ൽ സ്ഥാപനത്തിന്റെ വിറ്റുവരവ് 153 കോടി രൂപ മാത്രമായിരുന്നു. ഏതാനും വർഷങ്ങൾക്കിടെ ഗണ്യമായ വളർച്ച കൈവരിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.അതേസമയം, ഔഷധി പഞ്ചകർമ ആശുപത്രിയും കഴിഞ്ഞ വർഷം 4.33 കോടി രൂപയുടെ വിറ്റുവരവോടെ റെക്കോർഡ് നേട്ടം കൈവരിച്ചു.
അക്കാദമിക് കോഴ്സുകളും ആരംഭിക്കും
ഔഷധിക്ക് അക്കാദമിക് ആയുർവേദ കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിങ് എന്നീ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാനാണ് പദ്ധതി. ഇതിലൂടെ ആയുർവേദ ചികിത്സാരംഗത്ത് പരിശീലനം ലഭിച്ച വിദഗ്ധരെ കൂടുതൽ സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
