വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു

ആഗോള തലത്തില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റില്‍ 28 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തിലാണ് 28 ശതമാനം ഉയര്‍ച്ച നേടി 1,181.5 ടണ്‍ സ്വര്‍ണത്തില്‍ എത്തിയത്.

ആഗോള നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ മിക്ക വിപണികളിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു, ജൂലൈ – സെപ്റ്റംബര്‍ പാദത്തിലെ സ്വര്‍ണ വില ദുര്‍ബലമായതും ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. ഈ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലയളവിലെ 1,870 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ലെ മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ശരാശരി വില തുടര്‍ച്ചയായി 7.59 ശതമാനം കുറഞ്ഞ് 1,728 ഡോളറിലെത്തി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാം പാദത്തില്‍ ദീര്‍ഘകാല സ്വര്‍ണം വാങ്ങല്‍ തന്ത്രം തന്നെ തുടര്‍ന്നു. ജൂലൈയില്‍ 13 ടണ്ണും സെപ്റ്റംബറില്‍ 4 ടണ്ണുമാണ് വാങ്ങിയത്. ഇങ്ങനെ സ്വര്‍ണ ശേഖരം 785 ടണ്ണായി ഉയര്‍ത്തി. ജ്വല്ലറി ഉപഭോഗം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു, 2021 ലെ ഇതേ കാലയളവിലെ 476.5 ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10 ശതമാനം ഉയര്‍ന്ന് 523.1 ടണ്ണിലേക്ക് എത്തി.ഈ വളര്‍ച്ചയുടെ ഭൂരിഭാഗവും ഇന്ത്യയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 17 ശതമാനമാണ് വര്‍ധന. അതായത് വില്‍പ്പന 146.2 ടണ്ണിലേക്ക് കുതിച്ചു.

സ്വര്‍ണ നിക്ഷേപത്തിൽ തന്നെയാണ് ആഗോള തലത്തിലും വിശ്വാസം. അതുപോലെ മിക്ക സെന്‍ട്രല്‍ ബാങ്കുകളും ഈ കാലയളവില്‍ സ്വര്‍ണം വാങ്ങാന്‍ തിരക്ക് കൂട്ടി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ജൂലൈ – സെപ്തംബര്‍ പാദത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 28 ശതമാനത്തോളം ഉയര്‍ന്നത്. ബാര്‍, കോയിന്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ 258.9 ടണ്ണില്‍ നിന്ന് സെപ്റ്റംബര്‍ പാദത്തില്‍ 36 ശതമാനം ഉയര്‍ന്ന് 351.1 ടണ്ണിലെത്തി.