വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി, ശബരിമല വിമാനത്താവളം കണ്‍സള്‍ട്ടന്‍സി ഫീസിന് 4.36 കോടി

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. 351.48 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷൽ ഓഫിസറും ഇപിസി കോൺട്രാക്ടറും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് കോൺട്രാക്ടറായ യുഎല്‍സിസിഎസിന് മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷൽ ഓഫീസർക്ക് അനുവദിക്കും.

ഇതിനു പുറമെ എല്‍സ്റ്റൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കലക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽനിന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അക്കൗണ്ടിലേക്കു പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കലക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. വയനാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *