റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ മലയാളി; എസ്. സോമനാഥിന് സുപ്രധാന പദവി

ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്. സോമനാഥിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സെൻട്രൽ ബോർഡിൽ പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചു. നാലു വർഷത്തേക്കാണ് നിയമനം.നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു മലയാളി ആർബിഐയുടെ സെൻട്രൽ ബോർഡിലെത്തുന്നത്. അതേസമയം, 2022 മുതൽ ആർബിഐ ബോർഡിലെ നോൺ ഒഫിഷ്യൽ ഡയറക്ടറായി തുടരുന്ന വ്യവസായി ആനന്ദ് മഹീന്ദ്രയെ നാല് വർഷത്തേക്കു കൂടി അതേ പദവിയിൽ നിയമിച്ചിട്ടുണ്ട്.

ആർബിഐയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നയപരമായ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനുമുള്ള പ്രധാന ചുമതലയാണ് സെൻട്രൽ ബോർഡിനുള്ളത്. ആർബിഐ ഗവർണറും നാല് ഡെപ്യൂട്ടി ഗവർണർമാരും ഉൾപ്പെടുന്നതാണ് ബോർഡിന്റെ ഔദ്യോഗിക ഘടന.
ഇതിനുപുറമെ, വിവിധ മേഖലകളിൽനിന്നായി കേന്ദ്രസർക്കാരിന് 10 ഡയറക്ടർമാരെ വരെ ബോർഡിലേക്ക് നിയമിക്കാം. ധനമന്ത്രാലയത്തിലെ രണ്ട് സെക്രട്ടറിമാരും സെൻട്രൽ ബോർഡിൽ അംഗങ്ങളായിരിക്കും.
മുംബൈ, കൊൽക്കത്ത, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ ആർബിഐയുടെ ലോക്കൽ ബോർഡുകളെ പ്രതിനിധീകരിക്കുന്ന നാല് ഡയറക്ടർമാരും സെൻട്രൽ ബോർഡിന്റെ ഭാഗമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *