പെട്രോളും മരുന്നും പോലും ‘ആയുധം’; ഫോർച്യൂൺ 500ൽ 50 ഇന്ത്യൻ കമ്പനികൾ വേണമെന്ന് മോദി

പെട്രോൾ, മരുന്ന്, വളം, സെമികണ്ടക്ടർ ചിപ്പുകൾ തുടങ്ങിയവ പോലും ലോകം ‘ആയുധവൽക്കരിച്ചിരിക്കുകയാണെന്നും’ ഇത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെയായിരുന്നു ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദിയുടെ പരാമർശം.

ആഗോളവൽക്കരണത്തെക്കുറിച്ച് നേരത്തെ തന്നെ താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ലോകത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി. ഓരോ രാജ്യവും സ്വന്തം താൽപ്പര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. അതിർത്തികൾ പോലും ആയുധവൽക്കരിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തതയുടെ പാതയിലൂടെ മുന്നേറിയെന്നും മോദി വ്യക്തമാക്കി.

ഫോർച്യൂൺ 500ൽ 50 ഇന്ത്യൻ കമ്പനികൾ

ആഭ്യന്തര വിപണിയിൽ വൻകിട കമ്പനികളെ സൃഷ്ടിക്കുന്നതിനൊപ്പം ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഇന്ത്യൻ കമ്പനികളെ വളർത്തിയെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് മോദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയായ ഫോർച്യൂൺ 500ൽ ഇന്ത്യയിൽനിന്ന് കുറഞ്ഞത് 50 കമ്പനികളെങ്കിലും ഇടം നേടണം.മാനുഫാക്ചറിങ്, ടെക്നോളജി, ഇന്നൊവേഷൻ, രാജ്യാന്തര വ്യാപാരം എന്നിവയിൽ ഊന്നിയുള്ള വളർച്ചയാണ് ഇനി ഇന്ത്യ ലക്ഷ്യമിടേണ്ടത്. ‘സപ്തധാരകൾ’ ഇന്ത്യയുടെ ഭാവി വളർച്ചയുടെ അടിത്തറയാകുമെന്നും മോദി പറഞ്ഞു.

ലോകത്തിന്റെ മാനുഫാക്ചറിങ് ഹബ്ബായി ഇന്ത്യ മാറണം. ഇതിനകം 40 രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാറുകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 60–70 വർഷത്തിനിടെ കൈവരിക്കാനാകാത്ത നിരവധി നേട്ടങ്ങൾ അടുത്ത ആറ്–ഏഴ് വർഷത്തിനുള്ളിൽ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും അതിനായി യുവാക്കളെ സജ്ജരാക്കണമെന്നും മോദി പറഞ്ഞു.

പ്രതിരോധ ഉൽപാദനത്തിൽ വൻ കുതിപ്പ്

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി നാല് മടങ്ങ് വർധിച്ചെന്ന് മോദി പറഞ്ഞു. ഇലക്ട്രോണിക്സ് ഉൽപന്ന നിർമാണം ഏകദേശം ഏഴ് മടങ്ങ് വളർന്നു. മൊബൈൽ ഫോൺ നിർമാണത്തിൽ 33 മടങ്ങ് വളർച്ച കൈവരിച്ചതോടെ ഇന്ത്യ നിർണായക ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധരംഗത്ത് ഇന്ത്യയുടെ കരുത്ത് കൂടുതൽ വർധിപ്പിക്കാൻ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡ്രോണുകൾ, കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ, ഹൈപ്പർസോണിക് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നേറുകയാണെന്നും വരുംതലമുറ പ്രതിരോധ സാങ്കേതികവിദ്യകളുടെ ആഗോള വിതരണക്കാരായി ഇന്ത്യ മാറണമെന്നും മോദി പറഞ്ഞു.
2014ൽ ഇന്ത്യയുടെ പ്രതിരോധ ഉൽപാദനം 46,000 കോടി രൂപയുടേതായിരുന്നെങ്കിൽ 2025–26ൽ അത് 1.78 ലക്ഷം കോടി രൂപയിലെത്തി. പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. 2025–26ൽ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയായിരുന്നുവെന്നും മോദി വ്യക്തമാക്കി.

ലോകത്തെ ടോപ് 5 ബാങ്കുകളിൽ ഒന്ന് ഇന്ത്യയിൽ നിന്ന്

ഇന്ത്യൻ ബാങ്കിങ് മേഖല മികച്ച വളർച്ചയാണ് കൈവരിക്കുന്നതെന്ന് മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ബാങ്കുകളിൽ ഒന്നെങ്കിലും ഇന്ത്യയിൽ നിന്നുള്ളതാകണമെന്നാണ് അടുത്ത ലക്ഷ്യം.
ഫാർമസ്യൂട്ടിക്കൽ മേഖലയിലും ഇന്ത്യ ആഗോളതലത്തിൽ കൂടുതൽ ശക്തമാകണം. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ഫാർമ കമ്പനികളിൽ ഒന്നെങ്കിലും ഇന്ത്യയിൽനിന്നുണ്ടാകണമെന്നാണ് മോദി വ്യക്തമാക്കിയത്.

ചിപ്പ് നിർമാണത്തിലും സ്വയംപര്യാപ്തത

സെമികണ്ടക്ടർ നിർമാണരംഗത്തും ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ച് ആഗോള ശക്തിയായി മാറുമെന്ന് മോദി പറഞ്ഞു. അടുത്ത ഏഴ്–എട്ട് വർഷത്തിനുള്ളിൽ രാജ്യത്ത് അഞ്ച് മുതൽ എട്ട് വരെ സെമികണ്ടക്ടർ പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.3- പ്ലാന്റുകളുടെ പ്രവർത്തനം ഇതിനകം ആരംഭിക്കുകയും അവയിൽനിന്ന് കയറ്റുമതി തുടങ്ങുകയും ചെയ്തതായി മോദി പറഞ്ഞു. ആധുനിക ലോകത്ത് ചിപ്പുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സെമികണ്ടക്ടർ രംഗത്തെ സ്വയംപര്യാപ്തത ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്ക് നിർണായകമാണെന്നും വ്യക്തമാക്കി.

വളർച്ചയ്ക്ക് പുതിയ വേഗം

2014 വരെ ഇന്ത്യ ലോകത്തിലെ ദുർബല സമ്പദ്വ്യവസ്ഥകളിലൊന്നായിരുന്നുവെന്ന് മോദി പറഞ്ഞു. നിരവധി സ്വപ്നങ്ങളോടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെങ്കിലും വളർച്ചയുടെ വേഗം ഏറെക്കാലം മന്ദഗതിയിലായിരുന്നു.എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ വളർച്ചയിൽ പുതിയ വേഗം കൈവരിച്ചെന്നും അടുത്ത ഘട്ടത്തിൽ ടെക്നോളജി, ഇന്നൊവേഷൻ, മാനുഫാക്ചറിങ്, യുവശക്തി എന്നിവയുടെ കരുത്തിൽ കൂടുതൽ വലിയ സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *