യുഎഇയിലെ മലയാളികൾക്കായി ഓണസദ്യയുമായി ചാർട്ടേഡ് കാർഗോ വിമാനം

യുഎഇയിലെ രണ്ടര ലക്ഷം മലയാളികൾക്കുള്ള ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ പഴങ്ങളും പച്ചക്കറികളും വാഴയിലയും ഇന്ന് കൊച്ചിയിൽനിന്ന് ചാർട്ടേഡ് കാർഗോ വിമാനത്തിൽ അബൂദാബിയിലേക്ക് എത്തിക്കും.
കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎൻപി എക്സ്പോർട്ടേഴ്സാണ് 95,000 കിലോഗ്രാം ചരക്ക് വഹിക്കാൻ ശേഷിയുള്ള ഇത്തിഹാദിന്റെ നാഷനൽ എയർ കാർഗോ വിമാനം ഇതിനായി ചാർട്ടർ ചെയ്തത്.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലാത്തതിനാലാണ് കൊച്ചി വിമാനത്താവളം തെരഞ്ഞെടുത്തതെന്ന് കെഎൻപി എക്സ്പോർട്ടേഴ്സ് ഉടമ സുഫിയാൻ കാരി പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഒരു ദിവസംകൊണ്ടാണ് ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചത്. കൃഷിയിടങ്ങളിൽനിന്ന് നേരിട്ട് ശേഖരിച്ച ഉൽപന്നങ്ങൾ 14 വലിയ ട്രക്കുകളിലായാണ് കൊച്ചിയിലെത്തിച്ചത്.

കൊണ്ടോട്ടി, കൊച്ചി, തമിഴ്നാട്ടിലെ നാഗർകോവിൽ, ഒഡൻഛത്രം, തേനി, കർണാടകയിലെ ഗുണ്ടൽപെട്ട് എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളിലാണ് ഉൽപന്നങ്ങളുടെ പാക്കിങ് നടന്നത്. മേട്ടുപ്പാളയം, പാലക്കാട് എന്നിവിടങ്ങളിൽനിന്നാണ് വാഴയില ശേഖരിച്ചത്.വയനാട്ടിൽനിന്നുള്ള നേന്ത്രപ്പഴവും വാഴക്കുളത്തുനിന്നുള്ള കൈതച്ചക്കയും ചരക്കിലുണ്ട്. പച്ചക്കറികളിൽ ഭൂരിഭാഗവും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് ശേഖരിച്ചത്.പഴങ്ങളും പച്ചക്കറികളും ഏറ്റവും വേഗത്തിൽ അബൂദാബിയിലെത്തിച്ച് യുഎഇയിലെ മലയാളികൾക്ക് ഓണസദ്യ ഒരുക്കുന്നതിനാണ് ചരക്കുവിമാനം ചാർട്ടർ ചെയ്തതെന്നും സുഫിയാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *