നിക്ഷേപ സൗഹൃദ സൂചികയിൽ കേരളം 17-ാം സ്ഥാനത്ത്;തൊഴിൽ സമരവും വിദേശ കുടിയേറ്റവും വെല്ലുവിളിയെന്ന് നിതി ആയോഗ്

നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ നിക്ഷേപക സൗഹൃദ (Investment Friendliness) സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17-ാം സ്ഥാനത്ത്. സംസ്ഥാനങ്ങൾ മാത്രം പരിഗണിച്ചാൽ കേരളത്തിന്റെ റാങ്ക് 15 ആണ്. പട്ടികയിൽ 56.6 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനവും, 46.6 പോയിന്റുമായാണ് കേരളത്തിന്റെ പ്രകടനവും.രാജ്യത്തെ വലിയ 17 സംസ്ഥാനങ്ങളിൽ കേരളം 12-ാം സ്ഥാനത്താണ്. 45 മുതൽ 50 വരെ സ്കോർ നേടിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ‘ഫ്രണ്ട് റണ്ണേഴ്സ്’ വിഭാഗത്തിലാണ് കേരളം ഇടംപിടിച്ചത്. 50-ൽ കൂടുതൽ സ്കോർ നേടിയ സംസ്ഥാനങ്ങളെയാണ് ‘ടോപ്പ് പെർഫോർമേഴ്സ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടിസ്ഥാനസൗകര്യവും പരിസ്ഥിതിയും കേരളത്തിന്റെ കരുത്ത്

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യ വികസനവും പരിസ്ഥിതി സ്ഥിരതയുമാണ് കേരളത്തിന്റെ പ്രധാന ശക്തികളെന്ന് നിതി ആയോഗ് റിപ്പോർട്ട് വിലയിരുത്തുന്നു.പുനരുപയോഗ ഊർജത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിന്റെ ഉയർന്ന വിഹിതം, മെച്ചപ്പെട്ട വൈദ്യുതി ലഭ്യത, മികച്ച റോഡ് കണക്ടിവിറ്റി, ഐടി പാർക്കുകൾ, വ്യവസായങ്ങൾക്കുള്ള ഏകജാലക (Single Window) സംവിധാനം, ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം, സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങൾ എന്നിവ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് അനുകൂല ഘടകങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.കൂടാതെ, കൊച്ചി, കോഴിക്കോട്, കൊല്ലം തുടങ്ങിയ നഗരങ്ങളിലെ മെച്ചപ്പെട്ട വായു ഗുണനിലവാരവും ഭൂകമ്പ സാധ്യത താരതമ്യേന കുറവായതും കേരളത്തിന് അനുകൂലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തൊഴിൽ സമരവും വിദേശ കുടിയേറ്റവും പ്രധാന വെല്ലുവിളികൾ

അതേസമയം, തൊഴിൽ സമരങ്ങൾ, കാർഷിക സംഭരണശാലകളുടെയും ശീതീകരിച്ച വെയർഹൗസുകളുടെയും അപര്യാപ്തത, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വിദേശ കുടിയേറ്റം എന്നിവ കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന വെല്ലുവിളികളാണെന്ന് നിതി ആയോഗ് വിലയിരുത്തുന്നു.
പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം നിലവിലുള്ള വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ സംസ്ഥാനം മൂലധന ചെലവ് (Capex) വർധിപ്പിക്കണമെന്നും ശുപാർശ ചെയ്യുന്നു.

വിവിധ മേഖലകളിലെ കേരളത്തിന്റെ സ്കോർ

നിക്ഷേപ സൗഹൃദ സൂചികയിൽ വിവിധ മാനദണ്ഡങ്ങളിലെ കേരളത്തിന്റെ പ്രകടനം:

അടിസ്ഥാനസൗകര്യം – 50%
ബിസിനസ് അന്തരീക്ഷം – 31%
വിഭവങ്ങൾ – 37%
സർക്കാർ നയം – 26%
ചട്ടങ്ങൾ പാലിക്കുന്നതിനുള്ള എളുപ്പം – 66%
സ്ഥാപനപരമായ അന്തരീക്ഷം – 66%
സാമ്പത്തിക ആരോഗ്യം – 54%
പാരിസ്ഥിതിക സ്ഥിരത – 78%

സംസ്ഥാനങ്ങളുടെ ഔദ്യോഗിക കണക്കുകൾക്കൊപ്പം നിക്ഷേപകരിൽ നിന്ന് ശേഖരിച്ച അഭിപ്രായ സർവേയും ഉൾപ്പെടുത്തിയാണ് നിതി ആയോഗ് ഈ നിക്ഷേപക സൗഹൃദ സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ സൂചിക, വിവിധ സംസ്ഥാനങ്ങളുടെ ശക്തിയും ദൗർബല്യവും വിലയിരുത്തുന്ന പുതിയ മാനദണ്ഡമായാണ് കണക്കാക്കപ്പെടുന്നത്.