ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 11 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ എന്നീ മൂന്ന് മോഡലുകളാണ് സീരീസിലുള്ളത്. പുതിയ ടെൻസർ G6 പ്രോസസർ, ക്യാമറ അപ്ഗ്രേഡുകൾ, എഐ അധിഷ്ഠിത സൗകര്യങ്ങൾ എന്നിവയാണ് പുതിയ ഫോണുകളുടെ പ്രധാന സവിശേഷതകൾ. പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ മോഡലുകളിൽ ‘ഹൈലൈറ്റ്’ എന്ന പുതിയ സംവിധാനവും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.
പിക്സൽ 11: വിലയും വേരിയന്റുകളും
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പിക്സൽ 11ന്റെ അടിസ്ഥാന വേരിയന്റിന് 89,999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 1,04,999 രൂപ നൽകണം. പിസ്റ്റാഷിയോ, ഹൈബിസ്കസ്, ഫ്രോസ്റ്റ്, ഒബ്സിഡിയൻ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.
പിക്സൽ 11 പ്രോയുടെ വില
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പിക്സൽ 11 പ്രോയ്ക്ക് 1,19,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള പതിപ്പിന് 1,34,999 രൂപയാണ് വില. കാന്യൺ, ഫോഗ്, ഒലീവ്, പൂർണമായും മാറ്റ് ഫിനിഷുള്ള ഒബ്സിഡിയൻ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
പിക്സൽ 11 പ്രോ എക്സ്എൽ
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പിക്സൽ 11 പ്രോ എക്സ്എല്ലിന് 1,34,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള പതിപ്പിന് 1,49,999 രൂപ നൽകണം. പിക്സൽ 11 പ്രോയിൽ ലഭിക്കുന്ന അതേ നിറങ്ങളിലാണ് പ്രോ എക്സ്എല്ലും വിപണിയിലെത്തുന്നത്.
ഓഗസ്റ്റ് 20 മുതൽ വിൽപ്പന
മൂന്ന് മോഡലുകളുടെയും വിൽപ്പന ഓഗസ്റ്റ് 20 മുതൽ ആരംഭിക്കും. ഗൂഗിൾ സ്റ്റോർ, ഫ്ലിപ്കാർട്ട്, മറ്റ് അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവ വഴിയാണ് ഫോണുകൾ ലഭ്യമാകുക.പിക്സൽസ്നാപ്പ് കേസ് 4,900 രൂപയ്ക്കും പിക്സൽസ്നാപ്പ് ചാർജർ 4,500 രൂപയ്ക്കും പിക്സൽസ്നാപ്പ് റിങ് സ്റ്റാൻഡ് 2,979 രൂപയ്ക്കും വാങ്ങാം. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10,000 രൂപ വരെ തൽക്ഷണ ഇളവും 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. 9,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു.ഫോണുകൾക്കൊപ്പം ആറ് മാസത്തെ ഗൂഗിൾ എഐ പ്രോ സബ്സ്ക്രിപ്ഷനും ലഭിക്കും.
പിക്സൽ 11ന്റെ പ്രധാന സവിശേഷതകൾ
എഡ്ജ്-ടു-എഡ്ജ് ഗ്ലാസ് ക്യാമറ ബാറാണ് പിക്സൽ 11ന്റെ ഡിസൈൻ സവിശേഷത. മുൻതലമുറ മോഡലിനെ അപേക്ഷിച്ച് ക്യാമറ ബാറിന്റെ കനം 40 ശതമാനം കുറച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു.6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്സ് വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പരമാവധി തെളിച്ചവും ലഭിക്കും. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും നൽകിയിട്ടുണ്ട്.പുതിയ ടെൻസർ G6 പ്രോസസറിനൊപ്പം ടൈറ്റൻ M3 സുരക്ഷാ ചിപ്പും ഫോണിലുണ്ട്. 12 ജിബി LPDDR5X റാമും 512 ജിബി വരെ സ്റ്റോറേജുമാണ് ലഭിക്കുക.
ട്രിപ്പിൾ ക്യാമറ സംവിധാനം
48 മെഗാപിക്സൽ പ്രധാന ക്യാമറ, 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 10.8 മെഗാപിക്സൽ 5x ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്നതാണ് പിക്സൽ 11ന്റെ പിൻ ക്യാമറ സംവിധാനം. മുൻവശത്ത് 10.5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.ആൻഡ്രോയിഡ് 17 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 പൊടി-ജല പ്രതിരോധം എന്നിവയും ഫോണിലുണ്ട്.4,985 mAh ബാറ്ററിയാണ് പിക്സൽ 11ൽ. 30W വയർഡ് ചാർജിങ്ങിനും 25W Qi 2.2 പിക്സൽസ്നാപ്പ് വയർലെസ് ചാർജിങ്ങിനും ഫോൺ പിന്തുണ നൽകുന്നു.
പ്രോ മോഡലുകളിൽ ‘ഹൈലൈറ്റ്’
പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ മോഡലുകളിലെ ശ്രദ്ധേയമായ പുതിയ സൗകര്യമാണ് ‘ഹൈലൈറ്റ്’. സന്ദർഭാനുസൃത അറിയിപ്പുകൾ നൽകുന്ന സംവിധാനമാണിത്.പിൻ ക്യാമറ ഫ്ലാഷിന് ചുറ്റുമുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വ്യത്യസ്ത പ്രകാശസൂചനകൾ നൽകാൻ ഇതിലൂടെ സാധിക്കും. ഫോൺ താഴെ വച്ചിരിക്കുന്ന സമയത്തും ഈ സൂചനകൾ കാണാനാകും.ജെമിനി ശബ്ദ നിർദേശം കേൾക്കുകയാണോ, മറുപടി തയ്യാറാക്കുകയാണോ, മറുപടി നൽകുകയാണോ തുടങ്ങിയ കാര്യങ്ങളും ഹൈലൈറ്റ് വഴി അറിയാം. വരുന്ന കോളുകളിൽ പ്രധാനപ്പെട്ട കോൺടാക്റ്റുകൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകാനും സംവിധാനമുണ്ട്.
പ്രോ മോഡലുകളുടെ ഡിസ്പ്ലേ
പിക്സൽ 11 പ്രോയിൽ 6.3 ഇഞ്ച് 1.5K LTPO അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2,856 × 1,280 പിക്സൽ റെസല്യൂഷനാണ് ഡിസ്പ്ലേയ്ക്കുള്ളത്.പിക്സൽ 11 പ്രോ എക്സ്എല്ലിൽ 6.8 ഇഞ്ച് QHD+ അമോലെഡ് ഡിസ്പ്ലേയാണ്. 1,344 × 2,992 പിക്സൽ റെസല്യൂഷനുണ്ട്.രണ്ട് മോഡലുകളിലും 3,600 നിറ്റ്സ് വരെ പരമാവധി തെളിച്ചം, 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം എന്നിവ ലഭിക്കും.
50 മെഗാപിക്സൽ പ്രധാന ക്യാമറ
പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ മോഡലുകളിൽ ട്രിപ്പിൾ പിൻ ക്യാമറ സംവിധാനമാണുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും നൽകിയിട്ടുണ്ട്.ടെലിഫോട്ടോ ക്യാമറ 5x ഒപ്റ്റിക്കൽ സൂമും 120x ഡിജിറ്റൽ സൂമും പിന്തുണയ്ക്കുന്നു. മുൻവശത്ത് 42 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
ബാറ്ററി ശേഷിയിലും വ്യത്യാസം
പിക്സൽ 11 പ്രോയിൽ 4,840 mAh ബാറ്ററിയും പിക്സൽ 11 പ്രോ എക്സ്എല്ലിൽ 5,115 mAh ബാറ്ററിയുമാണുള്ളത്. രണ്ട് മോഡലുകളും 30W വയർഡ് ചാർജിങ്ങും 25W Qi 2.2 പിക്സൽസ്നാപ്പ് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 പൊടി-ജല പ്രതിരോധം, 5G, വൈ-ഫൈ, NFC, USB Type-C 3.2 പോർട്ട്, GLONASS, Galileo, BeiDou, NavIC തുടങ്ങിയ സൗകര്യങ്ങളും രണ്ട് പ്രോ മോഡലുകളിലുമുണ്ട്.പിക്സൽ 11 പ്രോയ്ക്ക് 152.7 × 71.9 × 8.4 മില്ലിമീറ്റർ വലുപ്പവും 204 ഗ്രാം ഭാരവുമാണ്. പിക്സൽ 11 പ്രോ എക്സ്എല്ലിന് 162.7 × 76.5 × 8.5 മില്ലിമീറ്റർ വലുപ്പവും 226 ഗ്രാം ഭാരവുമുണ്ട്.

