ഓഗസ്റ്റ് 15 മുതൽ പുതിയ മാറ്റം; ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സാവകാശം

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോകുന്നവർക്കും കാലാവധി തീരുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുന്നവർക്കും ആശ്വാസം നൽകുന്ന പ്രധാന മാറ്റങ്ങൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാരിന്റെ ജൻ വിശ്വാസ് നിയമഭേദഗതികളുടെ ഭാഗമായി മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് പിന്നിൽ.ലൈസൻസ് കാലാവധി കഴിഞ്ഞാൽ ഇനി 30 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. അതായത്, ലൈസൻസിന്റെ കാലാവധി അവസാനിച്ച ശേഷവും അടുത്ത 30 ദിവസത്തിനുള്ളിൽ പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ ലൈസൻസ് പുതുക്കാൻ സാധിക്കും.

1988ലെ മോട്ടോർ വാഹന നിയമപ്രകാരം നേരത്തെ 30 ദിവസത്തെ ഗ്രേസ് പിരീഡ് നിലവിലുണ്ടായിരുന്നു. എന്നാൽ 2019ലെ നിയമഭേദഗതിയോടെ ഇത് ഒഴിവാക്കിയിരുന്നു. ഇതോടെ ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ അടുത്ത ദിവസം മുതൽ തന്നെ ലൈസൻസ് അസാധുവാകുന്ന സാഹചര്യമുണ്ടായി. പുതുക്കാൻ മറന്നുപോകുന്ന നിരവധി ഡ്രൈവർമാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.പുതിയ ഭേദഗതിയോടെ പഴയ 30 ദിവസത്തെ ഗ്രേസ് പിരീഡ് വീണ്ടും നിലവിൽ വരും. അതിനാൽ ലൈസൻസ് കാലാവധി അവസാനിച്ചാലും 30 ദിവസത്തിനുള്ളിൽ പുതുക്കുന്നതിനുള്ള അവസരം ലഭിക്കും. സമയബന്ധിതമായി ലൈസൻസ് പുതുക്കാൻ കഴിയാതെ പോകുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാകും.

മുൻകൂട്ടി പുതുക്കുന്നവർക്കും ആശ്വാസം

നിലവിൽ ഡ്രൈവിങ് ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് വരെ ഫീസ് അടച്ച് ലൈസൻസ് പുതുക്കാൻ സാധിക്കും. എന്നാൽ പുതുക്കിയ തീയതി മുതലാണ് പുതിയ ലൈസൻസിന്റെ കാലാവധി കണക്കാക്കിയിരുന്നത്. ഇതുമൂലം നേരത്തെ ലൈസൻസ് പുതുക്കുന്നവർക്ക് നിലവിലെ കാലാവധിയിലെ ശേഷിക്കുന്ന ദിവസങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.ഓഗസ്റ്റ് 15 മുതൽ നടപ്പിലാകുന്ന പുതിയ വ്യവസ്ഥ പ്രകാരം, ലൈസൻസ് പുതുക്കിയ തീയതിക്ക് പകരം നിലവിലെ ലൈസൻസിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതുക്കിയ ലൈസൻസിന്റെ പ്രാബല്യം. ഇതോടെ മുൻകൂട്ടി ലൈസൻസ് പുതുക്കുന്നവർക്ക് നിലവിലെ കാലാവധിയിലെ ശേഷിക്കുന്ന കാലയളവ് നഷ്ടപ്പെടില്ല.

പുതിയ മാറ്റങ്ങൾ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നവർക്കും പുതുക്കാൻ മറന്നുപോകുന്നവർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്.