ഓഗസ്റ്റിൽ കുതിച്ചുയർന്ന് ഇന്ത്യൻ വാഹന വിപണി; വിൽപനയിൽ 36% വളർച്ച

ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ ഓഗസ്റ്റിൽ വൻ മുന്നേറ്റം. മുൻ വർഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് രാജ്യത്തെ പാസഞ്ചർ വാഹന വിൽപനയിൽ ഏകദേശം 36 ശതമാനം വളർച്ച രേഖപ്പെടുത്തി. മാസത്തിൽ ഏകദേശം 4.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതെന്നാണ് കണക്കുകൾ.എന്നാൽ ജൂലൈയിലെ ഏകദേശം 4.60 ലക്ഷം യൂണിറ്റ് വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ നേരിയ ഇടിവുണ്ടായി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഎസ്ടി നിരക്കുകൾ കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി ഉപഭോക്താക്കൾ വാഹനവാങ്ങൽ മാറ്റിവെച്ചിരുന്നു. ഇതാണ് കഴിഞ്ഞ വർഷത്തെ ഓഗസ്റ്റിലെ വിൽപന 3.3 ലക്ഷം യൂണിറ്റായി താഴാൻ പ്രധാന കാരണങ്ങളിലൊന്ന്. അതിനാൽ ഈ വർഷത്തെ വളർച്ചാ നിരക്ക് താരതമ്യേന ഉയർന്ന നിലയിലാണ്.

മാരുതി സുസുക്കിക്ക് 35% വളർച്ച

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഓഗസ്റ്റിൽ മികച്ച വളർച്ച നേടി. കമ്പനിയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപന മുൻ വർഷത്തെ 1,31,278 യൂണിറ്റിൽ നിന്ന് 35 ശതമാനം ഉയർന്ന് 1,76,971 യൂണിറ്റിലെത്തി.കയറ്റുമതിയും മറ്റ് വാഹന നിർമാതാക്കൾക്കുള്ള വിതരണവും ഉൾപ്പെടെ മാരുതി സുസുക്കിയുടെ ആകെ വിൽപന ഓഗസ്റ്റിൽ 21 ശതമാനം ഉയർന്ന് 2,19,220 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ആകെ വിൽപന 1,80,683 യൂണിറ്റായിരുന്നു.എന്നാൽ ജൂലൈയിലെ 2,41,421 യൂണിറ്റ് ആകെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ വിൽപന കുറഞ്ഞു. മുൻ വർഷങ്ങളിലെ ഉയർന്ന വിൽപന കണക്കുകളുടെ പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വളർച്ചാ നിരക്ക് നേരിയ തോതിൽ കുറയാനിടയുണ്ടെന്നാണ് മാരുതി സുസുക്കിയുടെ വിലയിരുത്തൽ.

ടാറ്റ മോട്ടോഴ്സിനും മികച്ച നേട്ടം

തദ്ദേശീയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും ഓഗസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കമ്പനിയുടെ പാസഞ്ചർ വാഹനങ്ങളുടെ ആകെ വിൽപന മുൻ വർഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് 56 ശതമാനം ഉയർന്ന് 67,753 യൂണിറ്റിലെത്തി.ഇതിൽ ആഭ്യന്തര പാസഞ്ചർ വാഹന വിൽപന മാത്രം 65,253 യൂണിറ്റാണ്. 2025 ഓഗസ്റ്റിലെ 41,001 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 59.15 ശതമാനം വളർച്ചയാണ് ടാറ്റ രേഖപ്പെടുത്തിയത്.ഇലക്ട്രിക് വാഹന വിഭാഗത്തിലും ടാറ്റ മികച്ച മുന്നേറ്റം നടത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8,540 ഇവികൾ വിറ്റ കമ്പനി, ഇത്തവണ ആഭ്യന്തര-രാജ്യാന്തര വിപണികളിലായി 16,549 ഇലക്ട്രിക് വാഹനങ്ങൾ വിറ്റു. ഇതോടെ ഇവി വിൽപനയിൽ 94 ശതമാനം വളർച്ച രേഖപ്പെടുത്തി.

മഹീന്ദ്രയ്ക്കും 50% വളർച്ച

മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഓഗസ്റ്റിൽ ശക്തമായ വളർച്ച നേടി. ആഭ്യന്തര വിപണിയിലെ വിൽപന മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉയർന്ന് 59,257 യൂണിറ്റിലെത്തി. കയറ്റുമതി കൂടി ഉൾപ്പെടുത്തിയാൽ കമ്പനിയുടെ ആകെ വാഹന വിൽപന 61,167 യൂണിറ്റാണ്.

ഹ്യുണ്ടേയ് വിൽപനയിലും മുന്നേറ്റം

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ആഭ്യന്തര-രാജ്യാന്തര വിൽപന ഓഗസ്റ്റിൽ 8.8 ശതമാനം ഉയർന്ന് 65,796 യൂണിറ്റിലെത്തി.ഇതിൽ ആഭ്യന്തര വിപണിയിലെ വിൽപന 23.6 ശതമാനം വർധിച്ച് 54,396 യൂണിറ്റായി. കയറ്റുമതി 11,400 യൂണിറ്റാണ്.

റെക്കോർഡ് വിൽപനയുമായി കിയ

കിയ ഇന്ത്യ ഓഗസ്റ്റിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപന രേഖപ്പെടുത്തി. മുൻ വർഷത്തെ 19,608 യൂണിറ്റിൽ നിന്ന് 48 ശതമാനം ഉയർന്ന് 29,042 വാഹനങ്ങളാണ് കമ്പനി വിറ്റത്.

ടൊയോട്ടയ്ക്കും വളർച്ച

ടൊയോട്ട കിർലോസ്കർ മോട്ടോർ ഓഗസ്റ്റിൽ 10 ശതമാനം വളർച്ച നേടി. ആഭ്യന്തര വിപണിയിലെ വിൽപന 11 ശതമാനം ഉയർന്ന് 28,410 യൂണിറ്റിലെത്തി. കയറ്റുമതി രണ്ട് ശതമാനം വർധിച്ച് 4,432 യൂണിറ്റായി.
ആഭ്യന്തര വിപണിയിലെ വിൽപനയിൽ ടൊയോട്ടയെ മറികടക്കാനും കിയയ്ക്ക് ഓഗസ്റ്റിൽ സാധിച്ചു. ഇന്ത്യൻ വാഹന വിപണിയിൽ ഉപഭോക്തൃ ആവശ്യം ശക്തമായി തുടരുന്നതിന്റെ സൂചനയാണ് പ്രമുഖ വാഹന നിർമാതാക്കളുടെ ഓഗസ്റ്റ് വിൽപന കണക്കുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *