രാജ്യത്തെ മൊബൈൽ താരിഫ് നിരക്കുകൾ വീണ്ടും ഉയർന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇതിന്റെ തുടക്കമെന്ന നിലയിൽ ഭാരതി എയർടെൽ ചില ജനപ്രിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചു. ഡിസംബറിന് മുമ്പ് മറ്റ് ടെലികോം കമ്പനികളും നിരക്ക് വർധന നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.2024 ജൂലൈയിലാണ് രാജ്യത്തെ പ്രധാന ടെലികോം കമ്പനികൾ അവസാനമായി താരിഫ് വർധിപ്പിച്ചത്. 2019ന് ശേഷം ഇതുവരെ മൂന്ന് തവണ നിരക്ക് കൂട്ടിയിട്ടുണ്ട്. 5ജി സേവനങ്ങൾക്കായി നടത്തിയ വൻ നിക്ഷേപം തിരിച്ചുപിടിക്കാൻ കമ്പനികൾക്ക് 10–15 ശതമാനം വരെ വീണ്ടും നിരക്ക് വർധിപ്പിക്കേണ്ടിവരുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.എയർടെല്ലിന് പിന്നാലെ വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയും താരിഫ് പരിഷ്കരിക്കാനുള്ള സാധ്യതയുണ്ട്.
എയർടെൽ പിൻവലിച്ചത് അഞ്ച് പ്ലാനുകൾ
299, 319, 579, 619, 649 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ നിർത്തലാക്കിയത്. ഇവയ്ക്ക് പകരമുള്ള തൊട്ടടുത്ത പ്ലാനുകൾക്ക് പഴയ പ്ലാനുകളേക്കാൾ അഞ്ച് മുതൽ 16 ശതമാനം വരെ അധികം ചെലവാകും.
ഉദാഹരണത്തിന് 299 രൂപയുടെ ജനപ്രിയ പ്ലാൻ പിൻവലിച്ചതോടെ 349 രൂപയുടെ പ്ലാനാണ് അടുത്ത ഓപ്ഷൻ. ഇതോടെ ഉപഭോക്താവിന്റെ ചെലവിൽ ഏകദേശം 16 ശതമാനം വർധനയുണ്ടാകും. 299 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിച്ചിരുന്നെങ്കിൽ 349 രൂപയുടെ പ്ലാനിൽ 2 ജിബി ഡേറ്റയാണ് ലഭിക്കുക.
അതേസമയം 199 രൂപ, 219 രൂപ പ്ലാനുകളിൽ മാറ്റം വരുത്തിയിട്ടില്ല.
ലക്ഷ്യം എആർപിയു ഉയർത്തൽ
ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനമായ എആർപിയു (Average Revenue Per User) ഉയർത്തുകയാണ് പ്ലാനുകളിലെ മാറ്റത്തിലൂടെ എയർടെൽ ലക്ഷ്യമിടുന്നത്.ജൂൺ അവസാനത്തെ കണക്കനുസരിച്ച് എയർടെല്ലിന്റെ എആർപിയു 264 രൂപയാണ്. ഇത് 300 രൂപയിലെത്തിക്കാനാകുമെന്ന് എയർടെൽ ചെയർമാൻ സുനിൽ മിത്തൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ എആർപിയു 350 രൂപയായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് സൂചന.
നിലവിലെ മാറ്റങ്ങളുടെ ഭാഗമായി 15–20 ശതമാനം ഉപഭോക്താക്കൾ ഉയർന്ന നിരക്കുള്ള പ്ലാനുകളിലേക്ക് മാറിയാൽ എയർടെല്ലിന്റെ എആർപിയുവിൽ 8–12 രൂപ വരെ വർധനയുണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ.ജൂൺ പാദത്തിലെ കണക്കനുസരിച്ച് വോഡഫോൺ ഐഡിയയുടെ എആർപിയു 10 ശതമാനം ഉയർന്ന് 190 രൂപയിലെത്തി. റിലയൻസ് ജിയോയുടേത് 215.8 രൂപയാണ്.
ജനപ്രിയ പ്ലാനുകൾ പിൻവലിക്കുന്നത് പുതിയ കാര്യമല്ല
ടെലികോം കമ്പനികൾ ജനപ്രിയ പ്ലാനുകൾ പിൻവലിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഓഗസ്റ്റിൽ റിലയൻസ് ജിയോ 249 രൂപയുടെ എൻട്രി ലെവൽ പ്ലാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് പിൻവലിച്ചിരുന്നു.
എയർടെല്ലിന്റെ മാതൃക പിന്തുടർന്ന് വോഡഫോൺ ഐഡിയും നിരക്ക് പരിഷ്കരിച്ചാൽ കമ്പനിക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് ജെഎം ഫിനാൻഷ്യൽസ് വിലയിരുത്തുന്നു. നിലവിലെ ഉപഭോക്താക്കളിൽ 15 ശതമാനം പേരെങ്കിലും ഉയർന്ന താരിഫ് പ്ലാനുകളിലേക്ക് മാറിയാൽ വോഡഫോൺ ഐഡിയയുടെ എആർപിയുവിൽ 7–8 രൂപ വരെ വർധനയുണ്ടാകുമെന്നും കമ്പനിയുടെ വിപണി മൂല്യം മൂന്ന് ശതമാനം വരെ ഉയരാമെന്നും വിലയിരുത്തലുണ്ട്.
₹1 ഫ്രീഡം പ്ലാനുമായി ബിഎസ്എൻഎൽ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരു രൂപയുടെ ‘ഫ്രീഡം’ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ രംഗത്ത്. ഓണാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകളും പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.പുതിയ പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കും മറ്റ് നെറ്റ്വർക്കുകളിൽനിന്ന് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നവർക്കുമാണ് ഒരു രൂപയുടെ ഫ്രീഡം പ്ലാൻ ലഭിക്കുക. 24 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 1 ജിബി ഡേറ്റ, 100 എസ്എംഎസ് എന്നിവയാണ് ഓഫറിൽ ഉൾപ്പെടുന്നത്.
2399 രൂപ പ്ലാനിൽ അധിക ആനുകൂല്യം
2,399 രൂപയുടെ റീചാർജ് പ്ലാനിൽ 47 ദിവസത്തെ അധിക വാലിഡിറ്റിയും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പ്ലാനിന്റെ ആകെ വാലിഡിറ്റി 412 ദിവസമായി ഉയരും. ഈ ആനുകൂല്യം 2026 സെപ്റ്റംബർ 12 വരെ ലഭിക്കും.ഗ്രാമീണ മേഖലകളിൽ 259 രൂപ മുതലും നഗരപ്രദേശങ്ങളിൽ 449 രൂപ മുതലുമുള്ള വൈഫൈ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആറ് മാസത്തെ കാലാവധിയുള്ള 1,999 രൂപയുടെ ഫൈബർ എൻട്രി പ്ലാനും ലഭ്യമാണ്.200 എംബിപിഎസ് വേഗതയും 27 പ്രമുഖ ഒടിടി ചാനലുകളും ഉൾപ്പെടുന്ന എഫ്ടിടിഎച്ച് പ്ലാൻ ആദ്യ ആറുമാസം പ്രതിമാസം 1,111 രൂപ നിരക്കിലും ലഭിക്കും.

