ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ്-ബെൻസ്, പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ പുതിയ മെഴ്സിഡീസ്-എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഉയർന്ന പ്രകടനവും മികച്ച ഇന്ധനക്ഷമതയും ഒരുമിപ്പിക്കുന്ന ഈ പെർഫോമൻസ് സെഡാൻ, ആധുനിക സാങ്കേതികവിദ്യയും ആഡംബര സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്.
പുതിയ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ 3.0 ലീറ്റർ ഇൻലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും ചേർന്നാണ് പ്രവർത്തിക്കുന്നത്. ഈ പവർട്രെയിൻ 430 കിലോവാട്ട് (585 എച്ച്പി) കരുത്തും 750 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും. റേസ് സ്റ്റാർട്ട് സംവിധാനം സജ്ജമാക്കിയാൽ പരമാവധി കരുത്ത് 450 കിലോവാട്ട് (612 എച്ച്പി) വരെ ഉയരും.വെറും 3.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി ഇലക്ട്രോണിക്കായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, എഎംജി ഡ്രൈവേഴ്സ് പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് അത് 280 കിലോമീറ്റർ വരെ വർധിപ്പിക്കാനാകും.
28.6 കിലോവാട്ട്-മണിക്കൂർ ശേഷിയുള്ള ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സഹായത്തോടെ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ പൂർണമായും വൈദ്യുതിയിൽ സഞ്ചരിക്കാനാകും. ഡബ്ല്യു.എൽ.ടി.പി. (WLTP) മാനദണ്ഡപ്രകാരം ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ ഇലക്ട്രിക് റേഞ്ച് ലഭിക്കും. 11 കിലോവാട്ട് എ.സി. ഓൺബോർഡ് ചാർജർ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
ഡ്രൈവിങ് അനുഭവം കൂടുതൽ മികച്ചതാക്കാൻ എഎംജി റൈഡ് കൺട്രോൾ സസ്പെൻഷൻ, എഎംജി പെർഫോമൻസ് 4മാറ്റിക്+ ഓൾ-വീൽ ഡ്രൈവ്, ആക്റ്റീവ് റിയർ-ആക്സിൽ സ്റ്റിയറിങ്, റീജെനറേറ്റീവ് ബ്രേക്കിങ്, വിവിധ ഡ്രൈവിങ് മോഡുകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റീരിയറിലും ആഡംബരത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. എഎംജി സ്പോർട്സ് സീറ്റുകൾ, എം.ബി.യു.എക്സ്. ഇൻഫോടെയ്ൻമെന്റ് സംവിധാനം, ബർമെസ്റ്റർ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, ഡോൾബി അറ്റ്മോസ് ഓഡിയോ, പിൻസീറ്റുകൾക്കായുള്ള ഇലക്ട്രിക് സൺബ്ലൈൻഡ് എന്നിവ ഉൾപ്പെടെ നിരവധി പ്രീമിയം ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.വിലയുടെ കാര്യത്തിൽ, മെഴ്സിഡീസ്-എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പെർഫോമൻസ് എഡിഷന് ₹1.45 കോടിയും, റേസിങ് എഡിഷന് ₹1.48 കോടിയും (എക്സ്-ഷോറൂം) നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ മെഴ്സിഡീസ്-ബെൻസ് ഡീലർഷിപ്പുകളിലും വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതായും, ഡെലിവറി ഉടൻ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

