കൈത്തറി വസ്ത്രങ്ങൾക്ക് ‘ഡിജിറ്റൽ പാസ്‌പോർട്ട്’; കേരളത്തിന്റെ നെയ്ത്തുമേഖലയ്ക്ക് പുതിയ ആഗോള സാധ്യതകൾ

കൈത്തറി ഉൽപന്നങ്ങളെ ആഗോള വിപണിയിൽ ഉയർന്ന മൂല്യമുള്ള സുസ്ഥിരവും ധാർമികവുമായ ബ്രാൻഡായി വളർത്താനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതികൾ കേരളത്തിലെ നെയ്ത്തുമേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. കയറ്റുമതി വർധിപ്പിക്കുന്നതിനും കൈത്തറി ഉൽപന്നങ്ങൾക്ക് ആഗോള ബ്രാൻഡ് മൂല്യം സൃഷ്ടിക്കുന്നതിനുമുള്ള വിവിധ പദ്ധതികളാണ് ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയം തയ്യാറാക്കുന്നത്.2030ഓടെ ആഭ്യന്തര ടെക്സ്റ്റൈൽ വ്യവസായത്തിന്റെ കയറ്റുമതി വൻതോതിൽ വർധിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏകദേശം 200 ജില്ലകളെ കേന്ദ്രീകരിച്ച് കയറ്റുമതി ഹബ്ബുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നെയ്ത്തുകാർക്കും ചെറുകിട ഉൽപാദകർക്കും നേരിട്ട് വിദേശ വിപണിയിലെത്താൻ സഹായിക്കുന്നതിനായി ജില്ലാതലത്തിൽ വർക്‌ഷോപ്പുകളും പ്രത്യേക സഹായകേന്ദ്രങ്ങളും ആരംഭിക്കും.

യൂറോപ്പിലേക്ക് ‘ഡിജിറ്റൽ പ്രോഡക്ട് പാസ്‌പോർട്ട്’

യൂറോപ്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങൾക്ക് ഡിജിറ്റൽ പ്രോഡക്ട് പാസ്‌പോർട്ട് (ഡിപിപി) നിർബന്ധമാക്കുന്ന പുതിയ സംവിധാനം കേരളത്തിലെ കൈത്തറി മേഖലയ്ക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.ഒരു വസ്ത്രത്തിന്റെ സമ്പൂർണ വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്യൂആർ കോഡായിരിക്കും ഡിജിറ്റൽ പ്രോഡക്ട് പാസ്‌പോർട്ട്. വസ്ത്രം നെയ്ത ഗ്രാമം, നെയ്ത്തുകാരനെക്കുറിച്ചുള്ള വിവരങ്ങൾ, നിർമാണത്തിന് ഉപയോഗിച്ച നൂലിന്റെ വിശദാംശങ്ങൾ, ഉൽപാദന പ്രക്രിയ, പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തും.ഇതിലൂടെ കേരളത്തിന്റെ കൈത്തറി ഉൽപന്നങ്ങൾക്ക് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനാകും. ‘സീറോ കാർബൺ വിന്റേജ് വെയർ’ പോലുള്ള പ്രീമിയം ബ്രാൻഡിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി ആഗോള വിപണിയിൽ ഉയർന്ന വില നേടാനും നെയ്ത്തുകാർക്ക് അവസരമൊരുങ്ങും.

വർഷം മുഴുവൻ തൊഴിലും വൈവിധ്യമാർന്ന ഉൽപന്നങ്ങളും

കയറ്റുമതി വിപണിയെ ലക്ഷ്യമിട്ട് ഉൽപന്നങ്ങളിലും ഡിസൈനുകളിലും കൂടുതൽ വൈവിധ്യം കൊണ്ടുവരുന്നതോടെ നെയ്ത്തുകാർക്ക് വർഷം മുഴുവൻ തൊഴിൽ ഉറപ്പാക്കാനും കഴിയും. പരമ്പരാഗത വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങാതെ റിസോർട്ട് വെയർ, സ്റ്റോളുകൾ, ഹോം ലിനൻ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളിലേക്കും കൈത്തറി മേഖല വ്യാപിപ്പിക്കാനാണ് നീക്കം.ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി തുടങ്ങിയ കേരളത്തിലെ പ്രമുഖ കൈത്തറി കേന്ദ്രങ്ങൾക്ക് ഇതിലൂടെ പുതിയ വിപണി സാധ്യതകൾ തുറക്കും. പ്രീമിയം റിസോർട്ട് വെയർ ഉൾപ്പെടെയുള്ള പ്രത്യേക ഉൽപന്നങ്ങളിലൂടെ വിദേശ ഉപഭോക്താക്കളെ ലക്ഷ്യമിടാനാകും.

അതേസമയം, ഹോം ലിനൻ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇതിനകം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കണ്ണൂരിലെ നെയ്ത്തുസംഘങ്ങൾക്കും പുതിയ പദ്ധതികൾ ഗുണകരമാകും. ഡിജിറ്റൽ സുതാര്യതയും സുസ്ഥിര ഉൽപാദനത്തിന്റെ പ്രാധാന്യവും കൈത്തറി ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുമെന്നാണ് മേഖലയിലെ പ്രതീക്ഷ.