കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (UDISE+) 2025–26 റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേരളത്തിൽ 2025–26 അധ്യയന വർഷത്തിൽ സ്കൂൾ വിദ്യാർഥികളുടെ എണ്ണം 60.43 ലക്ഷമായി. 2024–25ൽ ഇത് 61.64 ലക്ഷവും 2023–24ൽ 62.82 ലക്ഷവുമായിരുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.അതേസമയം, അധ്യാപക-വിദ്യാർഥി അനുപാതത്തിൽ കേരളം ദേശീയ ശരാശരിയെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദേശീയതലത്തിൽ 24 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്ന നിലയാണുള്ളത്. കേരളത്തിൽ 21 വിദ്യാർഥികൾക്ക് ഒരു അധ്യാപകനാണുള്ളത്. കൂടാതെ, സംസ്ഥാനത്ത് ഒരു സ്കൂളിൽ ശരാശരി 19 അധ്യാപകരുള്ളപ്പോൾ ദേശീയ ശരാശരി ഏഴാണ്.
രാജ്യത്താകെ അധ്യാപകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2022–23ൽ 94.83 ലക്ഷം അധ്യാപകരായിരുന്നത് 2025–26ൽ 1.02 കോടിയായി ഉയർന്നു.വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന്റെ കാര്യത്തിലും കേരളം മികച്ച നിലയിലാണ്. പ്രൈമറി തലത്തിൽ കേരളത്തിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 0.2 ശതമാനമാണ്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് പൂജ്യമാണ്. സെക്കൻഡറി തലത്തിൽ കേരളത്തിൽ കൊഴിഞ്ഞുപോക്ക് നിരക്ക് 4.1 ശതമാനമാണ്. ഇതേ സമയം ഉത്തർപ്രദേശിൽ ഇത് 8.4 ശതമാനവും ഡൽഹിയിൽ 7.1 ശതമാനവുമാണ്.
