എംബിബിഎസ് പ്രവേശനം: താൽക്കാലിക യുഡിഐഡി കാർഡുള്ളവരെയും പരിഗണിക്കണമെന്ന് എൻഎംസി

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ താൽക്കാലിക യുണീക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡ് കൈവശമുള്ളതിന്റെ പേരിൽ ഭിന്നശേഷി വിദ്യാർഥികളുടെ എംബിബിഎസ് പ്രവേശനം നിഷേധിക്കരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വ്യക്തമാക്കി. നീറ്റ്-യുജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എൻഎംസിയുടെ നിർണായക വിശദീകരണം.

ഭിന്നശേഷി സംവരണ വിഭാഗത്തിലെ മെഡിക്കൽ ബിരുദ പ്രവേശനത്തിനായി എൻഎംസി നേരത്തെ പ്രത്യേക മാർഗരേഖ പുറത്തിറക്കിയിരുന്നു. നേരിട്ടുള്ള പരിശോധനയും മെഡിക്കൽ വിലയിരുത്തലും ഉൾപ്പെടുന്ന നടപടിക്രമങ്ങളിലൂടെയാണ് വിദ്യാർഥികളുടെ യോഗ്യത നിർണയിക്കുന്നത്. കേന്ദ്രസർക്കാർ നൽകുന്ന യുഡിഐഡി കാർഡും മറ്റ് ഭിന്നശേഷി സർട്ടിഫിക്കറ്റുകളും പ്രവേശന നടപടികളിൽ പ്രധാന രേഖകളായി പരിഗണിക്കപ്പെടുന്നു.എന്നാൽ നിരവധി വിദ്യാർഥികളുടെ കൈവശം നിലവിൽ താൽക്കാലിക യുഡിഐഡി കാർഡും ഭിന്നശേഷി സർട്ടിഫിക്കറ്റുമാണുള്ളത്. സ്ഥിരം യുഡിഐഡി കാർഡ് ലഭിക്കാത്തതിന്റെ പേരിൽ ചില വിദ്യാർഥികൾക്ക് പ്രവേശന നടപടികളിൽ തടസ്സം നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് താൽക്കാലിക യുഡിഐഡി കാർഡ് മാത്രമുള്ളതിന്റെ പേരിൽ എംബിബിഎസ് പ്രവേശനം നിഷേധിക്കരുതെന്ന് എൻഎംസി വ്യക്തമാക്കിയത്.