നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണം പിൻവലിച്ചതോടെ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജൂൺ 22 വരെ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണം അവസാനിച്ചതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്.
മിക്ക ഉപയോക്താക്കൾക്കും സേവനം സാധാരണ നിലയിലായിട്ടുണ്ടെങ്കിലും, ചിലർക്ക് ഇപ്പോഴും ആപ്പ് പൂർണമായി പ്രവർത്തിക്കുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സന്ദേശങ്ങൾ അയയ്ക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി പരാതിപ്പെട്ട ഒരു ഉപയോക്താവിന്, “ഇത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല, നിങ്ങളുടെ സർക്കാരിനോട് ചോദിക്കൂ സുഹൃത്തേ” എന്നായിരുന്നു ടെലിഗ്രാമിന്റെ ഔദ്യോഗിക മറുപടി.അതേസമയം, ആൻഡ്രോയിഡിൽ സേവനം ലഭ്യമായിട്ടുണ്ടെങ്കിലും, ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ ആപ്പ് സ്റ്റോറിൽ ടെലിഗ്രാം ഇതുവരെ പൂർണമായും ലഭ്യമാക്കിയിട്ടില്ലെന്നാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്.
മേയ് 3-ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) മേയ് 12-ന് പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21-ന് നടത്താനിരുന്ന പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ തട്ടിപ്പുകളും വ്യാജ ചോർച്ചാ ആരോപണങ്ങളും തടയുന്നതിനായി ഐടി ആക്ട് സെക്ഷൻ 69എ പ്രകാരം ജൂൺ 16 മുതൽ കേന്ദ്ര ഐടി മന്ത്രാലയം ടെലിഗ്രാമിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
പ്രധാന നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും, ടെലിഗ്രാമിലെ സന്ദേശങ്ങൾ പിന്നീട് തിരുത്താനുള്ള ‘മെസേജ് എഡിറ്റിംഗ്’ ഫീച്ചറിന് മേലുള്ള നിയന്ത്രണം ജൂൺ 30 വരെ തുടരും. പരീക്ഷയ്ക്ക് ശേഷം ടൈംസ്റ്റാംപ് മാറ്റാതെ ചോദ്യപേപ്പറുകൾ അപ്‌ലോഡ് ചെയ്ത് വ്യാജ ചോർച്ചാ തെളിവുകൾ സൃഷ്ടിക്കുന്നത് തടയുന്നതിനായാണ് ഈ പ്രത്യേക നിയന്ത്രണം തുടരുന്നത്.
