സ്വർണവില വീണ്ടും ഇടിഞ്ഞു; ലാഭമെടുപ്പിൽ വിലയ്ക്ക് തിരിച്ചടി, കുറഞ്ഞ വില മുതലാക്കി വാങ്ങാൻ തിരക്ക്

ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം പകരുന്ന തരത്തിൽ കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നുരാവിലെ ഗ്രാമിന് 65 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,015 രൂപയായി. പവന് 520 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,120 രൂപയിലെത്തി.അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്. ഔൺസിന് 4,450 ഡോളറായിരുന്ന അന്താരാഷ്ട്ര സ്വർണവില 4,324 ഡോളറിലേക്ക് താഴ്ന്നു.

അമേരിക്കയിൽ റീട്ടെയ്ൽ, ഹോൾസെയിൽ പണപ്പെരുപ്പ നിരക്കുകൾ കഴിഞ്ഞ മാസം ആശ്വാസകരമായ നിലയിലേക്ക് കുറഞ്ഞിരുന്നു. എന്നാൽ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പൂർണമായി അവസാനിച്ചിട്ടില്ലെന്നാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ വിലയിരുത്തൽ. അടിസ്ഥാന പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും ഫെഡറൽ റിസർവ് പൂർണമായി തള്ളിയിട്ടില്ല.ഇതോടെ ഡോളറും യുഎസ് ബോണ്ട് വരുമാനവും ശക്തിപ്പെട്ടത് സ്വർണവിലയ്ക്ക് തിരിച്ചടിയായി. ഇതിനുപുറമെ, കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന വില മുതലാക്കി നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും വില കുറയാൻ കാരണമായി.

അതേസമയം, വിലയിടിവ് വാങ്ങാനുള്ള അവസരമായി കാണുന്നവരുടെ എണ്ണം കൂടുമെന്നാണ് വിപണി വിലയിരുത്തുന്നത്. ആഭരണ ആവശ്യത്തിനും നിക്ഷേപത്തിനുമായി കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാനുള്ള താൽപ്പര്യം വർധിച്ചേക്കും.കേന്ദ്രബാങ്കുകളും കരുതൽ ശേഖരം ശക്തിപ്പെടുത്തുന്നതിനായി വലിയ തോതിൽ സ്വർണം വാങ്ങാൻ സാധ്യതയുണ്ട്. ഇത്തരം വാങ്ങലുകൾ സ്വർണവിലയിലെ കനത്ത ഇടിവിന് ഒരു പരിധിവരെ തടയിടുകയും വില വീണ്ടും ഉയരാൻ സഹായിക്കുകയും ചെയ്തേക്കാം.

കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിലെ വില 11,520 രൂപയായി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയിലെത്തി.