ഒടുവിൽ റിലീസിന് ‘ജനനായകൻ’; വിജയ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്

തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ആദ്യം 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിരുന്ന ചിത്രം, മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ പ്രദർശനത്തിനെത്തും.

നീണ്ട പരിശോധനകൾക്കും ചർച്ചകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് അനുവദിച്ചു. സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ചിത്രത്തിന്റെ ദൈർഘ്യം 183 മിനിറ്റ് (3 മണിക്കൂർ 3 മിനിറ്റ്) ആണ്. എന്നാൽ ചിത്രത്തിൽ നിർദേശിച്ചിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.2025 ഡിസംബറിലാണ് ചിത്രം സെൻസറിങ്ങിനായി സമർപ്പിച്ചത്. നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആദ്യം ‘U/A 16+’ സർട്ടിഫിക്കറ്റാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എക്സാമിനിങ് കമ്മിറ്റിയിലെ ഒരു അംഗം ചില രംഗങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ചിത്രം റിവിഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം ഉണ്ടായതെന്ന് സെൻസർ ബോർഡ് വിശദീകരിച്ചു.

റിലീസ് അനിശ്ചിതത്വത്തിലായതോടെ വിജയ് ആരാധകർ നിരാശയിലായിരുന്നെങ്കിലും, പിന്നീട് നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം ചരിത്രവിജയം നേടിയത് ആരാധകർക്ക് ഇരട്ടിമധുരമായി. കന്നി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരത്തിലെത്തിയത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമായിരുന്നു.
രാഷ്ട്രീയത്തിലെ ഈ വമ്പൻ വിജയത്തിന് പിന്നാലെ ‘ജനനായകൻ’ തിയേറ്ററുകളിലെത്തുമ്പോൾ ബോക്സ് ഓഫീസിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും ആരാധകരും.