എഥനോൾ കലർത്തിയ ഇ20 പെട്രോൾ രാജ്യവ്യാപകമായി നടപ്പാക്കിയതിന് പിന്നാലെ ഡീസലിലും ബയോഫ്യൂവൽ ചേർക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തി ഉപയോഗിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കാനാണ് തീരുമാനം. ഇതിനായി ടാറ്റ മോട്ടോഴ്സിന്റെ ട്രക്കുകളാണ് പരീക്ഷണത്തിനായി വിനിയോഗിക്കുക. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) സഹകരിച്ചായിരിക്കും പരീക്ഷണം നടക്കുക.
ഇന്ത്യൻ വാണിജ്യ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ വർഷാവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ ഡീസലിൽ രണ്ട് ശതമാനം ഐസോബ്യൂട്ടനോൾ കലർത്തിയാണ് പരീക്ഷണം നടത്തുക.വാഹനങ്ങളുടെ എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ മിശ്രിത ഇന്ധനം ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ. മികച്ച ജ്വലനം ഉറപ്പാക്കാനും വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം കുറയ്ക്കാനും പുതിയ ഇന്ധനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.എന്നാൽ, ഡീസലിൽ രണ്ട് ശതമാനത്തിലധികം ഐസോബ്യൂട്ടനോൾ ചേർക്കണമെങ്കിൽ എൻജിൻ ഉൾപ്പെടെയുള്ള യന്ത്രഭാഗങ്ങളിൽ സാങ്കേതിക മാറ്റങ്ങൾ ആവശ്യമായി വരും. കൂടാതെ, ഐസോബ്യൂട്ടനോളിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി നിലവിലുള്ള എഥനോൾ പ്ലാന്റുകൾ നവീകരിക്കേണ്ടതും അതിന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമായി വരുമെന്നും വിലയിരുത്തപ്പെടുന്നു.
ആഗോളതലത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനകം തന്നെ പെട്രോളിൽ ഐസോബ്യൂട്ടനോൾ ചേർത്ത് ഉപയോഗിക്കുന്നുണ്ട്. നേരത്തെ ഡീസലിൽ എഥനോൾ കലർത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും, പരീക്ഷണങ്ങൾ പ്രതീക്ഷിച്ച വിജയം കണ്ടില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
