കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.അഹമ്മദാബാദിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വൻ നിക്ഷേപ പദ്ധതിയുടെ പുരോഗതി യൂസഫലി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. അഹമ്മദാബാദിലെ ചാന്ദ്ഖേഡയിൽ 4,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്മെന്റുകൾ എന്നിവ ഉൾപ്പെടുന്ന ബൃഹത് പദ്ധതി ഒരുങ്ങുന്നത്.
ലുലു ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത 21 ഏക്കർ ഭൂമിയിലാണ് പദ്ധതി വികസിപ്പിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏകദേശം 15,000 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.ഇതിന് പുറമെ ഗുജറാത്തിൽ ഫുഡ് പാർക്കും ഫിഷ് പ്രോസസിങ് പ്ലാന്റും സ്ഥാപിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. സംസ്ഥാനത്തെ നിക്ഷേപ, വ്യവസായ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
അഹമ്മദാബാദ് ലുലു മാൾ ഉൾപ്പെടെയുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും കേന്ദ്രസർക്കാർ ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

