മ്യൂച്വൽ ഫണ്ട് വിപണിയിൽ വീണ്ടും റെക്കോർഡ് നേട്ടം :ആസ്തി 81 ലക്ഷം കോടി

ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് മേഖല ശക്തമായ വളർച്ച തുടർക്കഥയാക്കുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, ഇൻഡസ്ട്രിയുടെ മൊത്തം ആസ്തി (AUM) 81,01,305.58 കോടി രൂപയായി ഉയർന്നു. 2025 ഡിസംബറിൽ ഇത് 80,23,378.99 കോടി രൂപയായിരുന്നു. 2026 ജനുവരിയിലെ ശരാശരി ആസ്തി 82,01,174.62 കോടി രൂപയായി രേഖപ്പെടുത്തി.

നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തം

വിപണിയിൽ നിക്ഷേപകരുടെ സാന്നിധ്യം ശക്തമായി തുടരുന്നു. 2026 ജനുവരിയോടെ മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 26.63 കോടിയായി ഉയർന്നു. ഒരു മാസം കൊണ്ട് മാത്രം 50.6 ലക്ഷം പുതിയ ഫോളിയോകളാണ് കൂട്ടിച്ചേർത്തത്.റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ഇക്വിറ്റി, ഹൈബ്രിഡ്, സൊല്യൂഷൻ-ഓറിയന്റഡ് സ്കീമുകളിലെ റീട്ടെയിൽ ഫോളിയോകളുടെ എണ്ണം 2025 ഡിസംബറിലെ 20.28 കോടിയിൽ നിന്ന് 2026 ജനുവരിയിൽ 20.43 കോടിയായി വർധിച്ചു. ഈ വിഭാഗങ്ങളിലെ റീട്ടെയിൽ നിക്ഷേപ ആസ്തി 46,48,915 കോടി രൂപയാണ്.

ഇക്വിറ്റി ഫണ്ടുകൾക്ക് തുടർച്ചയായ വരവ്

ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിലേക്ക് നിക്ഷേപകരുടെ താൽപര്യം തുടർച്ചയായി ഉയരുകയാണ്. 2021 മാർച്ചിന് ശേഷം തുടര്ച്ചയായ 59-ാം മാസമാണ് ഇക്വിറ്റി ഫണ്ടുകളിലേക്ക് ശുദ്ധ നിക്ഷേപം ഒഴുകുന്നത്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴിയുള്ള ആസ്തി 2026 ജനുവരിയിൽ 16,36,082.09 കോടി രൂപയായി. ഇത് മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തിയുടെ 20.2 ശതമാനമാണ്. പ്രതിമാസ SIP നിക്ഷേപം 31,002.33 കോടി രൂപയായി രേഖപ്പെടുത്തിയപ്പോൾ ഏകദേശം 9.92 കോടി SIP അക്കൗണ്ടുകൾ സജീവമായിരുന്നു.
വ്യക്തിഗത നിക്ഷേപകർ ദീർഘകാല സമ്പത്ത് സൃഷ്ടിയിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നതിന്റെ സൂചനകളാണ് ഈ കണക്കുകൾ നൽകുന്നത്. വിപണി അനിശ്ചിതത്വങ്ങൾക്കിടയിലും ക്രമബദ്ധമായ നിക്ഷേപ രീതികൾക്ക് ലഭിക്കുന്ന പിന്തുണ മ്യൂച്വൽ ഫണ്ട് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നതാണ് വിലയിരുത്തൽ.