സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും തുടർന്ന് കേന്ദ്ര സർക്കാർ ഇറക്കുമതിച്ചുങ്കം കുത്തനെ വർധിപ്പിച്ചതും രാജ്യത്തെ സ്വർണ വിപണിയെ പ്രതിസന്ധിയിലാഴ്ത്തുന്നതായി വ്യാപാരികൾ. മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ദേശീയതലത്തിൽ സ്വർണത്തിനുള്ള ഡിമാൻഡ് ഏകദേശം 70 ശതമാനം വരെ കുറഞ്ഞതായി വ്യാപാരി സംഘടനകൾ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് സമ്മർദം വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സ്വർണ ഇറക്കുമതി കുറയ്ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചത്. മേയ് 11-നാണ് ഇക്കാര്യത്തിൽ അദ്ദേഹം ആഹ്വാനം നടത്തിയത്. ഇതിന് പിന്നാലെ മേയ് 13-ന് സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തി.നികുതി വർധനയ്ക്ക് ശേഷമുള്ള രണ്ടാഴ്ചക്കാലയളവിൽ രാജ്യത്തെ സ്വർണ ആവശ്യകത ഗണ്യമായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. മേയ് 13 മുതൽ 27 വരെ സ്വർണ ഡിമാൻഡ് 7.5 ടണ്ണായി താഴ്ന്നപ്പോൾ, മുൻവർഷം ഇതേ കാലയളവിൽ അത് 25 ടണ്ണായിരുന്നു.
അതേസമയം, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി സ്വർണ ഇറക്കുമതി നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് സ്വർണ വ്യാപാരികൾ പൊതുവെ യോജിക്കുന്നുണ്ട്. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടൺ സ്വർണം ഉണ്ടെന്നാണ് കണക്കുകൾ. വീടുകളിലെയും ബാങ്ക് ലോക്കറുകളിലെയും ഈ സ്വർണം സാമ്പത്തിക രംഗത്ത് കാര്യമായ പ്രയോജനം ചെയ്യാതെ നിഷ്ക്രിയമായി കിടക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.ഇറക്കുമതി ചെയ്യുന്ന സ്വർണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യത്തിനുള്ളിലുള്ള സ്വർണം പുനരുപയോഗത്തിനായി വിപണിയിലെത്തിക്കുന്ന ‘ഗോൾഡ് റീസൈക്ലിംഗ്’ പദ്ധതികൾ ശക്തിപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇതിനായി പ്രത്യേക ബുള്ള്യൻ ബാങ്ക് സ്ഥാപിക്കണമെന്നും അവർ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
സ്വർണവിലയിലെ കുതിപ്പും നികുതി ഭാരവും ആവശ്യകതയിലെ ഇടിവും ചേർന്ന് സ്വർണ വ്യാപാര മേഖലയെ പുതിയ വെല്ലുവിളികളിലേക്ക് നയിക്കുകയാണെന്നാണ് വിലയിരുത്തൽ.

