100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു

രാജ്യത്ത് പ്രതിവർഷം 100 കോടി രൂപയോ അതിലധികമോ വരുമാനം ആദായനികുതി റിട്ടേണിൽ രേഖപ്പെടുത്തുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം നാലിരട്ടിയിലേറെയായി ഉയർന്നതായാണ് ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.2021–22 കണക്കെടുപ്പ് വർഷത്തിൽ 100 കോടി രൂപയിലധികം വരുമാനം രേഖപ്പെടുത്തിയിരുന്നത് 142 പേരായിരുന്നു. എന്നാൽ 2025–26 കണക്കെടുപ്പ് വർഷത്തിൽ ഈ എണ്ണം 576 ആയി ഉയർന്നു.

വർഷംതോറുമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, 2022–23ൽ 301 പേരാണ് 100 കോടി ക്ലബ്ബിലുണ്ടായിരുന്നത്. 2023–24ൽ ഈ എണ്ണം 284 ആയി നേരിയ തോതിൽ കുറഞ്ഞു. തുടർന്ന് 2024–25ൽ വീണ്ടും വർധന രേഖപ്പെടുത്തി 415 ആയി. ഒടുവിൽ 2025–26ൽ 576 പേരിലെത്തിയാണ് ഈ വിഭാഗം റെക്കോർഡ് വർധന കൈവരിച്ചത്.രാജ്യത്തെ ഉയർന്ന വരുമാനക്കാരുടെ എണ്ണം വേഗത്തിൽ വർധിക്കുന്നതിന്റെ സൂചനയാണ് ഈ കണക്കുകളെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.