തീരദേശത്തിന് കൈത്താങ്ങായി ബജറ്റ്; മത്സ്യത്തൊഴിലാളികൾക്കായി വൻ പ്രഖ്യാപനങ്ങൾ

“കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംസ്ഥാന ബജറ്റിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശ ജനവിഭാഗങ്ങൾക്കും ആശ്വാസം പകരുന്ന നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മണ്ണെണ്ണ സബ്‌സിഡി വർധനവ് ഉൾപ്പെടെ തീരദേശ വികസനത്തിന് മുൻഗണന നൽകുന്ന നിരവധി നിർണായക പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മത്സ്യബന്ധന ബോട്ടുകൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 75 രൂപയായി ഉയർത്തിയതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കും. വർഷങ്ങളായി തീരദേശ മേഖലകളിൽ താമസിച്ചുവരുന്നുവെങ്കിലും ഭൂമിയുടെ രേഖകളില്ലാത്തതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരിഹാരമായി, പട്ടയമില്ലാത്ത എല്ലാ തീരദേശവാസികൾക്കും ഭൂമിപട്ടയം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി പ്രത്യേക ഭവനപദ്ധതിയും സർക്കാർ നടപ്പാക്കും. കൂടാതെ, നിരന്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനായി പ്രത്യേക തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

തീരദേശ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, ഉപജീവന സംരക്ഷണം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. തീരദേശ ജനതയുടെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഹാരം കാണുന്ന ബജറ്റായാണ് ഇത്തവണത്തേത് വിലയിരുത്തപ്പെടുന്നത്.