ടാറ്റ സൺസിന് ഇളവില്ല; ഓഹരി വിപണി ലിസ്റ്റിങ്ങിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

ടാറ്റ സൺസിന്റെ ഓഹരി വിപണി ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിയമപരിധിയിൽ വരുന്ന അപ്പർ ലെയർ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് ആർബിഐയുടെ നിലപാടെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇത്തരം കമ്പനികൾക്ക് ലിസ്റ്റിങ്ങിൽ ഇളവ് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.കമ്പനികളുടെ ഘടനയിൽ മാറ്റം വരുത്തിയാലും നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ലിസ്റ്റിങ് നിർബന്ധമാണെങ്കിൽ അതിൽനിന്ന് ഒഴിവാകാനാകില്ലെന്നാണ് ആർബിഐയുടെ നിലപാട്. ഇതോടെ ടാറ്റ സൺസിന്റെ ലിസ്റ്റിങ് സംബന്ധിച്ച അനിശ്ചിതത്വം വീണ്ടും ചർച്ചയാകുകയാണ്.

2025 സെപ്റ്റംബറിനകം ലിസ്റ്റ് ചെയ്യണമായിരുന്നു

ആർബിഐയുടെ മുൻ നിർദേശപ്രകാരം അപ്പർ ലെയർ വിഭാഗത്തിൽ ഉൾപ്പെട്ട ടാറ്റ സൺസ് 2025 സെപ്റ്റംബറിനകം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതായിരുന്നു. രാജ്യത്തെ വൻകിട എൻബിഎഫ്സികളെ അവയുടെ വലുപ്പം, പ്രവർത്തനരീതി, സാമ്പത്തിക മേഖലയിലെ പ്രാധാന്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അപ്പർ ലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ലിസ്റ്റിങ് നടപടികൾ പൂർത്തിയാക്കാതെ കമ്പനി മുന്നോട്ടുപോകുകയായിരുന്നു.

സിഐസി പദവിയിൽനിന്ന് ഒഴിവാകാനുള്ള നീക്കവും തള്ളി

ലിസ്റ്റിങ് ഒഴിവാക്കുന്നതിനുള്ള സാധ്യതകൾ തേടിയ ടാറ്റ സൺസ്, കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (CIC) പദവിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആർബിഐയെ സമീപിച്ചിരുന്നു. എന്നാൽ, ഈ അപേക്ഷ കഴിഞ്ഞ മാസം കേന്ദ്ര ബാങ്ക് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.ടാറ്റ ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപ കമ്പനിയായ ടാറ്റ സൺസിന്റെ ലിസ്റ്റിങ് സംബന്ധിച്ച വിഷയം ഗ്രൂപ്പിനുള്ളിലും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആർബിഐയുടെ പുതിയ നിലപാടോടെ ലിസ്റ്റിങ് നിർബന്ധമാകുമോ എന്നതും കമ്പനി ഇനി സ്വീകരിക്കുന്ന നടപടികളും നിർണായകമാകും.നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടാറ്റ സൺസ് എങ്ങനെ മുന്നോട്ടുപോകുമെന്നതിലേക്കാണ് ഇനി സാമ്പത്തിക വിപണിയുടെ ശ്രദ്ധ.

Leave a Reply

Your email address will not be published. Required fields are marked *