ഭക്ഷണ വിതരണ രംഗത്തേക്ക് ഫ്ലിപ്കാർട്ടും; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി

ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കടുത്ത മത്സരം സൃഷ്ടിക്കാവുന്ന പുതിയ സേവനം ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന സേവനത്തിന്റെ പരീക്ഷണം കമ്പനി ഇതിനകം ആരംഭിച്ചതായാണ് വിവരം.

‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ പരീക്ഷണത്തിൽ

‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ എന്ന പേരിലാണ് ഫ്ലിപ്കാർട്ട് പുതിയ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കുന്നതെന്ന് ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ടെക് റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിലാണ് ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ അതിവേഗ സാധന വിതരണ സേവനമായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സി’നോട് ചേർത്താണ് പുതിയ സേവനത്തിന് ഈ പേര് നൽകിയിരിക്കുന്നതെന്നാണ് സൂചന.ഈ മാസം അവസാനത്തോടെ സേവനം ആരംഭിച്ചേക്കുമെങ്കിലും ആദ്യഘട്ടത്തിൽ ഏതെല്ലാം നഗരങ്ങളിൽ ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച് ഫ്ലിപ്കാർട്ട് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഭക്ഷണ വിതരണ രംഗത്തേക്ക് കടക്കാനുള്ള പദ്ധതിയെക്കുറിച്ച് ഈ വർഷം ജൂലൈയിൽ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചിരുന്നു.

നിലവിൽ കമ്പനി ജീവനക്കാർക്ക് മാത്രമായാണ് പരീക്ഷണം പരിമിതപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തിൽ ഏതാനും നൂറ് ജീവനക്കാരെ ഉൾപ്പെടുത്തിയിരുന്ന പരീക്ഷണം ഇപ്പോൾ ഏകദേശം 8,000 ജീവനക്കാരിലേക്ക് വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്. ഫ്ലിപ്കാർട്ടിന്റെ ഷോപ്പിങ് ആപ്പിൽ പുതിയ സേവനത്തിനായി പ്രത്യേക ടാബും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് മിനിറ്റ്സ്, യാത്രാ ബുക്കിങ് തുടങ്ങിയ സേവനങ്ങൾക്കൊപ്പം ഭക്ഷണ വിതരണ വിഭാഗവും ആപ്പിൽ ലഭ്യമാകുമെന്നാണ് സൂചന.

ഭക്ഷണം എത്തിക്കാൻ ഇകാർട്ടിന്റെ വിതരണ ശൃംഖല

സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) വഴി പട്ടികപ്പെടുത്തിയിട്ടുള്ള ഭക്ഷണശാലകൾക്കും ഫ്ലിപ്കാർട്ടുമായി നേരിട്ട് കരാറിലേർപ്പെടുന്ന റെസ്റ്റോറന്റുകൾക്കും പുതിയ സേവനത്തിൽ ഇടം ലഭിച്ചേക്കും.ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഫ്ലിപ്കാർട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇകാർട്ടിന്റെ വിതരണ ശൃംഖല ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ അതിവേഗ സാധന വിതരണത്തിനായി പ്രവർത്തിക്കുന്ന ജീവനക്കാരിൽനിന്ന് വ്യത്യസ്തമായിരിക്കും ഭക്ഷണ വിതരണത്തിനുള്ള ജീവനക്കാർ. ബെംഗളൂരുവിൽ ‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ടുകൾ ധരിച്ച വിതരണ ജീവനക്കാരെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.

സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും മത്സരം കടുക്കും

ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ വിപണിയിൽ നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് പ്രധാന ശക്തികൾ. കെൻ റിസർച്ചിന്റെ കണക്കുകൾ പ്രകാരം, 2024ൽ സൊമാറ്റോയ്ക്ക് 58 ശതമാനവും സ്വിഗ്ഗിക്ക് ഏകദേശം 34 ശതമാനവും വിപണി വിഹിതമുണ്ടായിരുന്നു.റാപ്പിഡോയും ‘ഓൺലി’ എന്ന പേരിൽ ഭക്ഷണ വിതരണ സേവനം ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ പരിമിതമായ മേഖലകളിലാണ് ലഭ്യമാകുന്നത്. നേരത്തെ ഉബർ, ആമസോൺ, ഗൂഗിൾ തുടങ്ങിയ കമ്പനികളും ഈ രംഗത്തേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിപണിയിൽ കാര്യമായ സ്വാധീനം നേടാൻ ഇവയ്ക്ക് സാധിച്ചില്ല. 2020ൽ ഉബർ ഇന്ത്യയിലെ ഉബർ ഈറ്റ്സ് പ്രവർത്തനങ്ങൾ സൊമാറ്റോയ്ക്ക് കൈമാറുകയും ചെയ്തു.

വിപുലമായ ഉപഭോക്തൃ അടിത്തറയും ഡിജിറ്റൽ പ്ലാറ്റ്ഫോമും വിതരണ ശൃംഖലയും പ്രയോജനപ്പെടുത്തി ഭക്ഷണ വിതരണ വിപണിയിൽ ഇടം നേടാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. സേവനം ഔദ്യോഗികമായി ആരംഭിക്കുകയും കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്താൽ ഇന്ത്യൻ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ മത്സരം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *