ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ത്യയിൽനിന്ന് ന്യൂസീലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഉൽപന്ന വിഭാഗങ്ങൾക്കും തീരുവയില്ലാതെ പ്രവേശനം ലഭിക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസീലൻഡ് ഇതുവരെ ശരാശരി 2.2 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, വാഹനങ്ങൾ തുടങ്ങിയ 450 ഉൽപന്ന വിഭാഗങ്ങൾക്ക് 10 ശതമാനം വരെ തീരുവയും ഈടാക്കിയിരുന്നു.കരാറിന്റെ ഭാഗമായി ന്യൂസീലൻഡിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലും ഇളവുകൾ ലഭിക്കും. ന്യൂസീലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്ന വിഭാഗങ്ങളിൽ 70.03 ശതമാനത്തിനും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് മൊത്തം ഇറക്കുമതിമൂല്യത്തിന്റെ 95 ശതമാനത്തോളം വരും.
ആപ്പിൾ, കിവിപ്പഴം ഇറക്കുമതിക്ക് ക്വോട്ട
ആപ്പിൾ, കിവിപ്പഴം, തേൻ തുടങ്ങിയ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക ക്വോട്ട നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. ആപ്പിൾ ഇറക്കുമതിയുടെ കാര്യത്തിൽ ആദ്യവർഷം ക്വോട്ട നിയന്ത്രണമുണ്ടാകില്ല. രണ്ടാംവർഷം മുതൽ ഇറക്കുമതി പരിധി 35,000 ടണ്ണായി നിശ്ചയിക്കും. തുടർന്നുള്ള വർഷങ്ങളിൽ ഇത് ക്രമേണ ഉയർത്തും.മൂന്നാം വർഷം 37,500 ടണ്ണും നാലാം വർഷം 40,000 ടണ്ണും അഞ്ചാം വർഷം 42,500 ടണ്ണുമായിരിക്കും പരിധി. ആറാം വർഷം മുതൽ പ്രതിവർഷം 45,000 ടൺ ആപ്പിൾ ഇറക്കുമതി ചെയ്യാനാകും.
അതേസമയം, ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ നിലവിലെ 16.2 ശതമാനത്തിൽനിന്ന് ഘട്ടംഘട്ടമായി 9.06 ശതമാനമായി കുറയും.
ഇന്ത്യക്കാർക്ക് തൊഴിൽവീസ അവസരങ്ങൾ
വ്യാപാരമേഖലയ്ക്ക് പുറമെ തൊഴിൽസാധ്യതകൾക്കും കരാർ വഴിയൊരുക്കുന്നുണ്ട്. പ്രതിവർഷം ഇന്ത്യൻ പൗരന്മാർക്ക് താൽക്കാലിക തൊഴിൽവീസകൾ അനുവദിക്കാനാണ് വ്യവസ്ഥ. മൂന്ന് വർഷം വരെ കാലാവധിയുള്ള ഇത്തരം വീസകൾ മെഡിക്കൽ, എൻജിനീയറിങ്, നിർമാണം തുടങ്ങിയ തൊഴിലാളികളെ കൂടുതലായി ആവശ്യമുള്ള 13 നൈപുണ്യ മേഖലകളിൽ ജോലി നേടാൻ സഹായിക്കും.ഇതിനുപുറമെ യോഗ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷണർമാർ തുടങ്ങിയവർക്കും അവസരങ്ങളുണ്ടാകും. ഈ വിഭാഗങ്ങളിലെ വീസകൾക്ക് പ്രത്യേക പരിഗണന നൽകുന്നതിലൂടെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദഗ്ധ തൊഴിലാളികൾക്കും ന്യൂസീലൻഡിൽ തൊഴിൽസാധ്യതകൾ വർധിക്കുമെന്നാണ് പ്രതീക്ഷ.ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിദേശവിപണിയിൽ കൂടുതൽ മത്സരക്ഷമത ഉറപ്പാക്കുന്നതിനും ഇറക്കുമതി-കയറ്റുമതി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം വിപുലീകരിക്കുന്നതിനും കരാർ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
