ഐസ്ക്രീം വിപണിയിലേക്ക് ചുവടുവച്ച് റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനിയുടെ കൺസ്യൂമർ ഗുഡ്സ് വിഭാഗം ‘ബോംബെ ക്രീമറി’ എന്ന പേരിൽ പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ₹10 മുതൽ ആരംഭിക്കുന്ന വിലയിലാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.
കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ തുടങ്ങിയ വിവിധ രൂപങ്ങളിലും വലുപ്പങ്ങളിലുമുള്ള ഐസ്ക്രീമുകളാണ് പുതിയ ബ്രാൻഡിന് കീഴിൽ ലഭ്യമാകുക. പാക്കേജ്ഡ് കൺസ്യൂമർ ഗുഡ്സ് വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനുള്ള റിലയൻസിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡിന്റെ പ്രവേശനം.
ആദ്യം പശ്ചിമേന്ത്യയിൽ, പിന്നാലെ രാജ്യവ്യാപകമായി
നിലവിൽ പശ്ചിമേന്ത്യൻ വിപണികളിലാണ് ബോംബെ ക്രീമറി ഐസ്ക്രീമുകൾ ലഭ്യമാകുന്നത്. വൈകാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
ഉൽപന്നങ്ങളുടെ നിർമാണത്തിൽ യഥാർഥ ഡെയറി ക്രീം ഉപയോഗിക്കുന്നുണ്ടെന്നും കൃത്രിമ ചേരുവകൾ ഒഴിവാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.കുറഞ്ഞ വിലയിൽ ഐസ്ക്രീം ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ വൻ ഉപഭോക്തൃ വിപണിയിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം.

