നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച ‘പിഎം സൂര്യ ഘർ–മുഫ്ത് ബിജ്ലി യോജന’യിൽ കേരളത്തിന്റെ മുന്നേറ്റം തുടരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതിന് പിന്നാലെ, സംസ്ഥാനത്തിനകത്തും ജില്ലകൾ തമ്മിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പദ്ധതിയുടെ ഗുണഭോക്താക്കളിൽ എറണാകുളം ജില്ലയാണ് മുന്നിൽ.
കേരളത്തിൽ നിന്ന് പദ്ധതിയിലേക്ക് ആകെ 4.36 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3.37 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിച്ചു. ആകെ സ്ഥാപിത ശേഷി 1,282.27 മെഗാവാട്ടാണ്. സബ്സിഡിയായി കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിച്ചത് 2,223.81 കോടി രൂപ.
ആന്ധ്രപ്രദേശിൽ നിന്ന് 9.43 ലക്ഷം അപേക്ഷകൾ ലഭിച്ചെങ്കിലും 3.48 ലക്ഷം വീടുകളിലാണ് സോളർ സംവിധാനം സ്ഥാപിച്ചത്. ആകെ സ്ഥാപിത ശേഷി 998.38 മെഗാവാട്ട്. സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് ലഭിച്ച സബ്സിഡി 1,876.99 കോടി രൂപ.കർണാടകയിൽ പദ്ധതിപ്രകാരം 37,357 വീടുകളിലാണ് സോളർ സംവിധാനം സ്ഥാപിച്ചത്. സ്ഥാപിത ശേഷി 100.01 മെഗാവാട്ടും, ലഭിച്ച സബ്സിഡി 175.53 കോടി രൂപയുമാണ്.
തമിഴ്നാട്ടിൽ 1.08 ലക്ഷം വീടുകളിലായി 339.97 മെഗാവാട്ട് ശേഷിയുള്ള സോളർ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. സബ്സിഡിയായി 606.93 കോടി രൂപ ലഭിച്ചു. തെലങ്കാനയിൽ 77,140 വീടുകളിൽ സോളർ സ്ഥാപിച്ചപ്പോൾ സ്ഥാപിത ശേഷി 223.13 മെഗാവാട്ടും, ലഭിച്ച സബ്സിഡി 353.52 കോടി രൂപയുമാണ്.
രാജ്യത്ത് സ്ഥാപിത ശേഷിയുടെ കാര്യത്തിൽ ഗുജറാത്ത് (3,072.88 മെഗാവാട്ട്), മഹാരാഷ്ട്ര (2,779.79 മെഗാവാട്ട്), ഉത്തർപ്രദേശ് (2,643.31 മെഗാവാട്ട്) എന്നിവയാണ് മുന്നിൽ. കേരളം നാലാം സ്ഥാനത്താണ്.
എറണാകുളം മുന്നിൽ; രണ്ടാം സ്ഥാനത്ത് തൃശൂർ
കേരളത്തിലെ ജില്ലകളിൽ ഏകദേശം 50,000 വീടുകളിൽ പദ്ധതിയുടെ ഭാഗമായി സോളർ സംവിധാനം സ്ഥാപിച്ച എറണാകുളമാണ് ഒന്നാമത്. ഏകദേശം 35,000 വീടുകളുമായി തൃശൂർ രണ്ടാം സ്ഥാനത്തുണ്ട്. പ്രതീക്ഷിക്കാത്ത രീതിയിൽ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമാണ്.തെക്കൻ കേരളത്തിന്റെ ആധിപത്യമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ കാണുന്നത്. 30,000ത്തിലധികം വീടുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തും, 25,000ത്തിലേറെ വീടുകളുമായി കൊല്ലം നാലാം സ്ഥാനത്തുമാണ്. ഏകദേശം 25,000 വീടുകളുമായി ആലപ്പുഴ അഞ്ചാം സ്ഥാനത്തുണ്ട്.മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട, കാസർഗോഡ്, ഇടുക്കി ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഈ ജില്ലകളിൽ ഏകദേശം 3,000 മുതൽ 23,000 വരെ വീടുകളിൽ പദ്ധതിയുടെ ഭാഗമായി പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ വയനാടാണ്. ജില്ലയിൽ 3,000ൽ താഴെ വീടുകളിലാണ് പദ്ധതിയുടെ ഭാഗമായി സോളർ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്.
രാജ്യത്ത് 54 ലക്ഷം വീടുകൾ സോളറിലേക്ക്
ഇന്ത്യയാകെ പിഎം സൂര്യ ഘർ പദ്ധതിയിലേക്ക് 79.25 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 54.08 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിച്ചു. രാജ്യത്തെ ആകെ സ്ഥാപിത ശേഷി 16,030.9 മെഗാവാട്ടാണ്. ഗുണഭോക്താക്കൾക്ക് ആകെ 30,270 കോടി രൂപ സബ്സിഡിയായും ലഭിച്ചു.
എത്ര സബ്സിഡി ലഭിക്കും?
പിഎം സൂര്യ ഘർ–മുഫ്ത് ബിജ്ലി യോജനയിൽ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാനമായും സബ്സിഡി ലഭിക്കുന്നത്.
• 1 കിലോവാട്ട്: പരമാവധി ₹30,000
• 2 കിലോവാട്ട്: പരമാവധി ₹60,000
• 3 കിലോവാട്ട്: പരമാവധി ₹78,000
ഒരു കിലോവാട്ട് സോളർ സംവിധാനം സ്ഥാപിക്കാൻ ഏകദേശം 60,000 മുതൽ 80,000 രൂപവരെ ചെലവ് വരാം. 2 കിലോവാട്ട് സംവിധാനത്തിന് ഏകദേശം 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപവരെയും, 3 കിലോവാട്ട് സംവിധാനത്തിന് 1.80 ലക്ഷം മുതൽ 2.50 ലക്ഷം രൂപവരെയും ചെലവാകാമെന്നാണ് വിപണി കണക്കുകൾ.
