ഇറാനെതിരെ യുഎസ് സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇറാനുമായി സാമ്പത്തിക ബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ യുഎസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുകൂലമായ പ്രതികരണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഇറാനിയൻ കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാരെന്നാണ് വിവരം.സംഘർഷത്തിന് പരിഹാരമാകുന്ന സാഹചര്യത്തിൽ തുറമുഖ നടത്തിപ്പ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന് തിരിച്ചുനൽകണമെന്ന വ്യവസ്ഥയോടെയായിരിക്കും നിയന്ത്രണം കൈമാറുക.
ഇന്ത്യയ്ക്ക് നിർണായകമായ ചബഹാർ
വിദേശവ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള തുറമുഖങ്ങളിലൊന്നാണ് ഇറാനിലെ ചബഹാർ. ഇതുവരെ ഏകദേശം 12 കോടി ഡോളറാണ് ഇന്ത്യ തുറമുഖ പദ്ധതിയിൽ നിക്ഷേപിച്ചത്.
പാക്കിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ കഴിയുമെന്നതാണ് ചബഹാറിന്റെ പ്രധാന നേട്ടം.2003ലാണ് ഇറാന്റെ തെക്കുകിഴക്കൻ തീരത്തുള്ള ചബഹാർ തുറമുഖത്തിന്റെ വികസനത്തിൽ ഇന്ത്യ പങ്കാളിയായത്. തുടർന്ന് 2024ൽ തുറമുഖം 10 വർഷത്തേക്ക് നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറിൽ ഒപ്പുവച്ചു.
എന്നാൽ ഇറാനെതിരെ യുഎസ് ഉപരോധം ശക്തമാക്കിയതോടെ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. പ്രത്യേക ഇളവോടെയാണ് പിന്നീട് ഇന്ത്യയുടെ പ്രവർത്തനം മുന്നോട്ടുപോയത്. ഈ ഇളവ് ഈ വർഷം ഏപ്രിലിൽ അവസാനിച്ചു. ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല.
ഉപരോധം ഒഴിവാക്കാൻ കേന്ദ്ര നീക്കം
ഇറാനെതിരായ യുഎസ് നടപടികൾ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചബഹാർ തുറമുഖ നടത്തിപ്പിന്റെ പേരിൽ ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം നേരിടേണ്ട സാഹചര്യം ഒഴിവാക്കുകയാണ് കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിവരം.ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളെ അന്താരാഷ്ട്ര വിദേശവ്യാപാര സംവിധാനത്തിൽനിന്ന് ഒഴിവാക്കുന്ന തരത്തിലുള്ള നടപടികൾ യുഎസ് സ്വീകരിക്കാനുള്ള സാധ്യതയും കേന്ദ്രം കണക്കിലെടുക്കുന്നുണ്ട്. ഇതൊഴിവാക്കുന്നതിനായാണ് തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഇറാന് കൈമാറാനുള്ള നീക്കം.
അതേസമയം, ഇറാൻ-യുഎസ് സംഘർഷം തുടരുന്നതിനിടെ ചബഹാർ തുറമുഖത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളും ഇന്ത്യ സ്വീകരിച്ചുവരുന്നതായാണ് റിപ്പോർട്ട്.

