റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ലൈസൻസ് റദ്ദാക്കിയ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ (PPBL) പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഡൽഹി ഹൈക്കോടതി, എസ്ബിഐ പേയ്മെന്റ്സ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ മാനേജിങ് ഡയറക്ടറും മലയാളിയുമായ ഗിരികുമാർ എം. നായരെ ബാങ്കിന്റെ ഒഫിഷ്യൽ ലിക്വിഡേറ്ററായി നിയമിച്ചു.
2026 ഏപ്രിൽ 24-നാണ് ആർബിഐ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയത്. ഇതോടെ ബാങ്കിന് സ്വതന്ത്രമായി ബാങ്കിംഗ് സേവനങ്ങൾ തുടരാനാകാത്ത സാഹചര്യമുണ്ടായി. 2022 മുതൽ ആരംഭിച്ച ആർബിഐയുടെ കർശന നിയന്ത്രണ നടപടികളുടെ തുടർച്ചയായാണ് ഈ നടപടി. 2022 മാർച്ചിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് 2024-ൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും ആർബിഐ നിരോധിച്ചു.ബാങ്കിലെ നിക്ഷേപകരിൽ ഭൂരിഭാഗവും തങ്ങളുടെ പണം ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇനി തുക ലഭിക്കാനുള്ള ഉപഭോക്താക്കൾ പ്രത്യേകമായി പുതിയ ക്ലെയിം സമർപ്പിക്കേണ്ടതില്ല. ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി ബാങ്കിന്റെ ബാധ്യതകൾ തീർത്ത് ബാക്കി തുക നിയമാനുസൃതമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന് പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ മൊബൈൽ ആപ്പിന്റെ പ്രവർത്തനവും അവസാനിപ്പിച്ചിട്ടുണ്ട്. ബാങ്ക് പൂർണമായും അടച്ചുപൂട്ടുന്നതിനുള്ള അനുമതി തേടി ആർബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ലിക്വിഡേറ്ററെ നിയമിച്ചത്.ഇനി ബാങ്കിന്റെ ഡയറക്ടർ ബോർഡിന്റെ അധികാരങ്ങളും ഭരണ ചുമതലകളും ഒഫിഷ്യൽ ലിക്വിഡേറ്ററായ ഗിരികുമാർ എം. നായർ വഹിക്കും. പ്രതിമാസം 5.5 ലക്ഷം രൂപ പ്രതിഫലമായി നൽകാനും, ഈ തുക പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് തന്നെ വഹിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പേയ്ടിഎമിന്റെ യുപിഐ സേവനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഡിജിറ്റൽ സേവനങ്ങൾക്ക് ഈ നടപടികൾ ബാധകമല്ല. പങ്കാളി ബാങ്കുകൾ വഴിയുള്ള യുപിഐ ഇടപാടുകളും മറ്റ് സേവനങ്ങളും പതിവുപോലെ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

