എഥനോൾ കലർന്ന ഇ20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ വ്യക്തമായ മാർഗനിർദേശങ്ങളും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പെട്രോൾ പമ്പുടമകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. ഗുണനിലവാരമില്ലാത്ത ഇന്ധനം വിൽക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് പമ്പുടമകൾ ആശങ്ക അറിയിച്ചത്.രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളെ ഈ വിഷയം ബാധിക്കുമെന്നാണ് ഡീലർമാർ പറയുന്നത്.
പെട്രോൾ പമ്പുകൾ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇന്ധനം മാത്രമാണ് വിൽക്കുന്നതെന്നും, ഇന്ധനത്തിലെ എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ നിലവിൽ പമ്പുകളിൽ യാതൊരു സംവിധാനവും ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ പരിശോധനാ സൗകര്യങ്ങളില്ലാതെ ഡീലർമാരെ ഉത്തരവാദികളാക്കുന്നത് നീതിയുക്തമല്ലെന്നും അവരുടെ സംഘടനകൾ വ്യക്തമാക്കുന്നു.ഇന്ധനത്തിൽ മായം ചേർക്കുന്നത് തടയാൻ കർശന പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ ശക്തമാക്കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഈ നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ പരിശോധനകൾക്കും പീഡനങ്ങൾക്കും അഴിമതിക്കും വഴിവെക്കുമെന്ന ആശങ്കയാണ് പമ്പുടമകൾ ഉയർത്തുന്നത്. അതിനാൽ, ഡീലർമാർക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് ശാസ്ത്രീയ പരിശോധനാ സംവിധാനവും വ്യക്തമായ മാനദണ്ഡങ്ങളും സർക്കാർ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.കൂടാതെ, പരിശോധനാ നിർദേശത്തിൽ സ്വകാര്യ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകളെ ഒഴിവാക്കി പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ മാത്രം പരിശോധന നടത്താൻ നിർദേശിച്ചതിനെതിരെയും ഡീലർമാർ പ്രതിഷേധം രേഖപ്പെടുത്തി. എല്ലാ കമ്പനികൾക്കും ഒരേ മാനദണ്ഡം ബാധകമാക്കണമെന്നും അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

