സംസ്ഥാനത്തെ പരമ്പരാഗത കയർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഓണക്കാലത്ത് പ്രത്യേക വിപണന യജ്ഞം സംഘടിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ പരമാവധി വിറ്റഴിച്ച് മേഖലയ്ക്ക് പുതിയ ഉണർവ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങളും കഴിയുന്നത്ര കയർ ഉൽപന്നങ്ങൾ വാങ്ങി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഓണത്തോടനുബന്ധിച്ച് കയർ ഉൽപന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിലൂടെ കയർ മേഖലയെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തിന്റെ പാരമ്പര്യ വ്യവസായങ്ങളിൽ പ്രധാന സ്ഥാനമുള്ള കയർ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉൽപാദകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള കൂട്ടായ ശ്രമമായാണ് ഈ പ്രത്യേക വിപണന യജ്ഞത്തെ സർക്കാർ കാണുന്നത്.

