ഇന്റർനെറ്റ് ഇല്ലെങ്കിലും സന്ദേശം അയയ്ക്കാം; ‘ബിറ്റ്ചാറ്റ്’ ആപ്പിനെതിരെ കേന്ദ്രത്തിന്റെ നടപടി

ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡീസെൻട്രലൈസ്ഡ് മെസേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്യുന്ന റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിനോട് കേന്ദ്ര സർക്കാർ നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ (I4C) ആണ് അടിയന്തര നടപടി സ്വീകരിച്ചത്.

ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസി രൂപകൽപ്പന ചെയ്ത ബിറ്റ്ചാറ്റ്, ബ്ലൂടൂത്ത് മെഷ് സാങ്കേതികവിദ്യ ഉപയോഗിച്ച് സമീപത്തുള്ള ഉപകരണങ്ങൾ തമ്മിൽ നേരിട്ട് (Peer-to-Peer) ആശയവിനിമയം നടത്താൻ സഹായിക്കുന്ന സംവിധാനമാണ്. ഇന്റർനെറ്റോ മൊബൈൽ ഡാറ്റയോ ഇല്ലാത്ത സാഹചര്യങ്ങളിലും സന്ദേശങ്ങൾ കൈമാറാൻ ഈ ആപ്പിന് കഴിയുമെന്നാണ് പ്രത്യേകത.ഫോൺ നമ്പറോ മറ്റ് വ്യക്തിഗത വിവരങ്ങളോ രജിസ്റ്റർ ചെയ്യാതെ തന്നെ ഉപയോഗിക്കാനാകുന്നതും, സെൻട്രലൈസ്ഡ് സെർവറുകളോ കമ്യൂണിക്കേഷൻ ലോഗുകളോ ഇല്ലാത്തതുമാണ് ബിറ്റ്ചാറ്റിന്റെ പ്രധാന സവിശേഷതകൾ. അതിനാൽ ഉപയോക്താക്കളെ തിരിച്ചറിയുകയോ നിയമപരമായ നിരീക്ഷണം നടത്തുകയോ അന്വേഷണ ഏജൻസികൾക്ക് പ്രയാസകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

കലാപങ്ങൾ, പ്രതിഷേധങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ സർക്കാർ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചാലും ബിറ്റ്ചാറ്റ് വഴി വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്നതിനാൽ പ്രതിഷേധ സംഘങ്ങൾ ഉൾപ്പെടെ വിവിധ കൂട്ടായ്മകൾ ഇത് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അക്രമങ്ങൾക്കും കലാപങ്ങൾക്കും ആഹ്വാനം ചെയ്യാനും വ്യാജവാർത്തകളും തീവ്രവാദ ആശയങ്ങളും പ്രചരിപ്പിക്കാനും ഇത്തരം ഡീസെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളും നിലനിൽക്കുന്നു.രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകാവുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് ബിറ്റ്ചാറ്റുമായി ബന്ധപ്പെട്ട സോഴ്‌സ് കോഡുകൾ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യാൻ I4C നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഐടി ആക്ടിലെ ഭേദഗതി ചെയ്ത ‘Reasoned Intimation’ വ്യവസ്ഥ ഉപയോഗിച്ച് ഒരു ആപ്പിന്റെ സോഴ്‌സ് കോഡിനെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്ന ആദ്യ സംഭവങ്ങളിലൊന്നായും ഇത് വിലയിരുത്തപ്പെടുന്നു.

അതേസമയം, കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതികരിച്ച ജാക്ക് ഡോർസി, “ബിറ്റ്ചാറ്റ് പോലുള്ള സാങ്കേതികവിദ്യകൾ ഇന്ത്യൻ സർക്കാരിന് ഇഷ്ടമല്ലാത്തതിനാലാണ് അവ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത്” എന്നാണ് എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.